ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്റണ് രജിസ്ട്രേഷന് ഇന്നുകൂടി
1458405
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: അത്ലെറ്റിക്കോ ഡി ആലപ്പി സ്പോര്‍ട്സ് ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോഫ്ളക്സ് ബീച്ച് മാരത്തോണ്‍ ആലപ്പുഴ ബീച്ചില്‍ എട്ടിന് വൈകുന്നേരം 3.30ന് ആരംഭിക്കും.
അഞ്ചു കിലോമീറ്റര്‍, 10 കിലോമീറ്റര്‍ മത്സരങ്ങളാണ് ആദ്യം തുടങ്ങുക. മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ അതിനുശേഷം ആരംഭിക്കും. മത്സര വിജയികള്‍ക്ക് ജോണ്‍സ് അംബ്രല്ല നല്കുന്ന കാഷ് പ്രൈസുകള്‍ വിതരണം ചെയ്യും . അയ്യായിരം ആളുകള്‍ പങ്കെടുക്കും. രജിസ്ട്രേഷന് ഇന്ന് അവസാനിക്കും. 91 വയസുള്ള കഞ്ഞിക്കുഴി സ്വദേശി ശങ്കുണ്ണിയാണ് ഈ പ്രാവശ്യത്തെ മത്സരാഥികളില്‍ ഏറ്റവും മുതിര്‍ന്നയാള്‍.
മാരത്തോണില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ടീ ഷര്‍ട്ട്, മെഡല്‍, ഡിന്നര്‍ എന്നിവ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മാരത്തോണ്‍ കടന്നുപോകുന്ന വഴികളില്‍ എല്ലാം ആവശ്യത്തിനു കുടിവെള്ളം, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യസഹായത്തിന് മേല്‍നോട്ടം വഹിക്കുന്നത് ആലപ്പുഴ കിന്‍ഡര്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോ വിഭാഗം ആണ്. വൈകുന്നേരം ഏഴോടെ റണ്‍ പരിപാടികള്‍ അവസാനിക്കും.
പരിപാടിയോടനുബന്ധിച്ച് സൂമ്പ ഡാന്‍സ്, ഡിജെ മ്യൂസിക് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ചെയര്മാന് അഡ്വ. കുര്യന് ജയിംസ്, കണ്‍വീനര്‍മാരായ യൂജിന്‍ ജോര്‍ജ്, ദീപക് ദിനേശന് എന്നിവര്‍ അറിയിച്ചു. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ ഇതോടൊപ്പമുള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ചെയ്യാം.