എടത്വ: പമ്പാ ബോട്ട് റേയ്സ് ക്ലബ് ജനകീയ ജലോത്സവം സെപ്റ്റംബര്‍ 15ന് രണ്ടിന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മേഖലകളില്‍ നടത്തപ്പെടുന്ന കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5ന് എടത്വ എടത്തില്‍ ഓഡിറ്റോറിയത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് നിര്‍വഹിക്കും. സമിതി ചെയര്മാന് റെജി തൈക്കടവില്‍ അധ്യക്ഷത വഹിക്കും.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ രൂപരേഖ പ്രകാശനം നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ സാമൂഹ്യ-സാംസ്കാരിക കായിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുക്കും. അതപ്പൂവിടല് മല്‍സരം, കവി അരങ്ങ്, സംവാദം, മെഗാ മെഡിക്കല്‍ ക്യാമ്പ്, സ്കൂള്‍ കുട്ടികള്‍ക്കായുള്ള കലാ-കായിക മല്‍സരം, ചിത്രരചനാ മല്‍സരം വിവിധ പഞ്ചായത്തുകളിലെ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി കലാ-കായിക മല്‍സരം, സാംസ്കാരിക ഘോഷയാത്ര, സമ്മേളനം, നീന്തല്‍ പരിശീലനം, മല്‍സരം, കയാക്കിങ്-കനോയിംഗ് പരിശീലനം. കുട്ടനാട്-ആറന്മുള വഞ്ചിപ്പാട്ടു മല്‍സരം, എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കല്‍, വള്ളം ഉടമകള്‍, തുഴച്ചില്‍ക്കാര്‍ എന്നിവരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.