ഫാ. ഓണംകുളത്തിന്റെ വേർപാടിൽ അനുശോചനപ്രവാഹം
1458965
Saturday, October 5, 2024 3:24 AM IST
ആലപ്പുഴ: പാവങ്ങളോടെന്നും കരുണകാട്ടിയിരുന്ന നല്ല ഇടയനായിരുന്നു ഗ്രിഗറിയച്ചനെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അനുസ്മരിച്ചു. വിശ്വാസികളോടെന്നപോലെ പൊതുപ്രവർത്തകരോടും അദ്ദേഹം ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാതെ വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അച്ചനെന്നും കൊടിക്കുന്നിൽ സുരേഷ് എംപിക്കുവേണ്ടി പുഷ്പചക്രം സമർപ്പിച്ചശേഷം അദ്ദേഹം അനുസ്മരിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ ചാസ് സംഘടനയുടെ ഡയറക്ടർ എന്നനിലയിൽ കർഷകർക്കും കളർ എ ഹോം, കളർ എ ഡ്രീം പദ്ധതികളിലൂടെ കൃഷിക്കാർക്കും പാവപ്പെട്ടവർക്കും ലഭിച്ച പ്രയോജനങ്ങൾ കുട്ടനാട്ടുകാർ എന്നും ഓർക്കുമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു അനുസ്മരിച്ചു.
ചമ്പക്കുളം ഫൊറോന റെക്ടർ ഫാ. ഗ്രിഗറി ഓണംകുളത്തിലച്ചന്റെ വേർപാട് അതീവ ദുഃഖകരമാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോസഫ് കെ. നെല്ലുവേലി പറഞ്ഞു.
അതിരൂപത ഏൽപ്പിച്ച ചുമതലകൾ സുതാര്യമായും സത്യസന്ധമായും നടപ്പാക്കുന്നതിൽ ഗ്രിഗറി അച്ചൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ദീപികയുടെ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിലും കേരളത്തിന്റെ സേവനരംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന ചാസിന്റെ ഡയറക്ടർ ചുമതല നിർവഹിച്ചപ്പോഴും മികച്ച പ്രവർത്തനങ്ങൾ അച്ചൻ കാഴ്ചവെച്ചിട്ടുണ്ടെന്നും അ്ദ്ദേഹം അനുസമരിച്ചു.
ഗ്രിഗറി ഓണംകുളം അച്ചന്റെ ദേഹവിയോഗം ചങ്ങനാശേരി അതിരൂപതയ്ക്കും വിശ്വാസസമൂഹത്തിനും തീരാനഷ്ടമാണെന്ന് കേരള കോൺഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അനുസ്മരിച്ചു. ആത്മീയതയ്ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത അച്ചന്റെ വിയോഗം വിശ്വാസിസമൂഹത്തെ കണ്ണീരിലാഴ്ത്തി. ആകസ്മികമായ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സാധാരണക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിച്ച് പൊതുസമൂഹത്തിൽ കാരുണ്യത്തിന്റെ മുഖമായിരുന്നു ഫാ. ഗ്രിഗറി ഓണംകുളമെന്ന് ദളിത് കത്തോലിക്ക മഹാസഭ (ഡിസിഎംഎസ്) സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ. ക്രൈസ്തവ അല്മായ ഐക്യവേദി നടത്തിയ ഫാ. ഗ്രിഗറി ഓണംകുളത്തിലിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.