പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
1458976
Saturday, October 5, 2024 3:29 AM IST
എടത്വ: പുഞ്ചകൃഷിക്കു തുടക്കം കുറിച്ചു കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ നിന്നു പൊതുജലാശയങ്ങളിലേക്ക് മലിനജലം പമ്പ് ചെയ്തു വിടുന്നതിനാല്‍ പല പ്രദേശങ്ങളിലും അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. ഭൂരിഭാഗം ജനങ്ങളും പൊതുജലാശയങ്ങളിലെ വെള്ളമാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്.
പൊതുടാപ്പുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കിയോസ്കുകളില്‍ ശുദ്ധജലം എത്തിക്കണമെന്നും വെള്ളം എത്താത്ത പൊതുടാപ്പുകളില്‍ ഉടന്‍ ശുദ്ധജലം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എസി കനാല്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കുടിവെള്ള ദൗര്‍ലഭ്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം അടിയന്തിരമായി വിളിച്ചു കൂട്ടി നടപടികള്‍ വേഗത്തിലാക്കണം.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സദസ് നടത്തിയത്. എസി കനാല്‍ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു കണ്ണമ്മാലി അധ്യക്ഷത വഹിച്ച പ്രതിഷേധ സദസ് ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം ഉദ്ഘാടനം ചെയ്തു. അലക്സാണ്ടര്‍ പുത്തന്‍പുര, റോണി കുരിശുംമൂട്ടില്‍, കറിയാച്ചന് വടകര, അപ്പച്ചന്‍കുട്ടി ആശാപറമ്പ്, രാധാകൃഷ്ണന് ആചാരി. മുട്ടാര്‍ സുരേന്ദ്രന്, എ.സി. വിജയപ്പന് എന്നിവര്‍ പ്രസംഗിച്ചു.