പരിക്കേറ്റു
1458962
Saturday, October 5, 2024 2:57 AM IST
പന്തളം: കാറും ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ലോറി എംസി റോഡിൽ മറിഞ്ഞു കാർ ഓടിച്ചിരുന്ന ഗൃഹനാഥന് പരിക്കേറ്റു. കുളനട, ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ലാൽ ഭവനിൽ ലാൽകുമാറിനാണ് (63) പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറോടെ എംസി റോഡിൽ കൈപ്പുഴ വായനശാലയ്ക്കു സമീപമാണ് അപകടം. പന്തളം ഭാഗത്തുനിന്നു കുളനടയിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നുവന്ന ലോറിയുമാണ് ഇടിച്ചത്. കാറിലിടിച്ച ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കാർ പൂർണമായും തകർന്നു.
അരമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിപ്പോയ ലാൽകുമാറിനെ കാറിന്റെ കതക് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊള്ളാച്ചിൽനിന്നു കൊട്ടാരക്കരയ്ക്കു വന്ന ലോറിയാണ് മറിഞ്ഞത്. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. അടൂരിൽനിന്ന് അഗ്നിരക്ഷാസേനയും പന്തളം പോലീസും സ്ഥലത്തെത്തിയിരുന്നു.