റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
1458949
Saturday, October 5, 2024 2:34 AM IST
മറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് മറയൂര്‍ കൂടവയല്‍ സ്വദേശിയായ കെട്ടിടനിര്‍മാണ തൊഴിലാളി മുരുകനെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തു.
2021 ഒക്ടോബർ-2022 മാര്‍ച്ച് മാസത്തിനും ഇടയിലുള്ള കാലയളവിലാണ് മുരുകന് പണം കൈമാറിയത്. മുരുകന്റെ വീടിന്റെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന എറണാകുളം കളമശേരി സ്വദേശിനി മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീനയെ അറസ്റ്റ് ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ തനിക്ക് സ്വാധീനമുണ്ടെന്ന് ഇവരും ഭര്‍ത്താവും മുരുകനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മുരുകന്റെ മകന് റെയില്‍വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കുറച്ച് പണം ചെലവുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. മറയൂര്‍ സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്കിൽനിന്നും എസ്ബിഐ മറയൂര്‍ ശാഖയില്‍നിന്നും വായ്പയെടുത്താണ് മുരുകന് ഇവര്‍ക്ക് പണം കൈമാറിയത്. ഇതിനിടെ രണ്ടാഴ്ച മുന്‍പ് തൃപ്പൂണിത്തുറ സ്വദേശിയില്‍നിന്നു തപാല്‍ വകുപ്പില്‍ ജോലിവാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടിയെടുത്ത കേസില്‍ മേരി ഡിനയെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വാര്‍ത്ത കണ്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മുരുകന് ബോധ്യമായത്. പിന്നീട് രേഖകള്‍ സഹിതം മറയൂര്‍ പോലീസില്‍ പരാതിപ്പെട്ടു. കളമശേരി ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞ മേരി ഡീനയെ മറയൂര്‍ പോലീസ് കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.