പ്രതിയെ കണ്ടെത്താൻ പരിശോധിച്ചത് 150 സിസിടിവി കാമറകൾ
1458966
Saturday, October 5, 2024 3:24 AM IST
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി 150 സിസി ടിവി കാമറകൾ പോലീസ് പരിശോധിച്ചു. എടിഎം കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 5 കിലോ മീറ്റർ ചുറ്റളവിലുള്ള സിസി ടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്.
ഇതേത്തുടർന്നാണ് പ്രദേശവാസിയായ ആളാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാമി(20)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
മുഖവും ശരീരവും മറച്ചെത്തിയ മോഷ്ടാവിനെ അതിവിദഗ്ധമായാണ് പോലീസ് കുരുക്കിയത്. കവർച്ചാശ്രമം നടന്ന് മൂന്നാം നാൾതന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പോലീസിനും നേട്ടമായി.
ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും വള്ളികുന്നം എസ്ഐ ദിജേഷ് കെയുടെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരിപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ഇരുട്ടിൽ വാഹനത്തിന്റെ നമ്പർ പോലും കിട്ടാതിരിക്കുന്നതിനായി ഇടറോഡുകളിലൂടെ സഞ്ചരിച്ച പ്രതിയെ രഹസ്യാന്വേഷണത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കവർച്ചാശ്രമം നടന്നത്. മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അലാം മുഴങ്ങിയതിനൊപ്പംഎസ്ബിഐയുടെ കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയും ചെയ്തതോടെ വള്ളികുന്നം പോലീസിന് വേഗത്തിൽ സ്ഥലത്ത് എത്താനും സാധിച്ചു. വർഷങ്ങൾക്ക് മുമ്പും ഈ എടിഎമ്മിൽ കവർച്ചാശ്രമം നടന്നിരുന്നു.