മൂന്നു കോടി ചെലവിൽ നിർമിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്
1458970
Saturday, October 5, 2024 3:24 AM IST
അമ്പലപ്പുഴ: കിഫ്ബി ഫണ്ടിൽ മൂന്നു കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഇന്നു നാടിന് സമർപ്പിക്കും. തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കിയ എട്ട് ക്ലാസ് മുറികൾ അടങ്ങിയ ബഹുനില കെട്ടിടമാണ് മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുക.
പുറക്കാട് പഞ്ചായത്തിലെ കാർഷിക-മത്സ്യ മേഖലകളിൽനിന്നുള്ള സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഇവിടെ പതിറ്റാണ്ടുകളായി യുപി സ്കൂൾ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾ മുമ്പ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളിൽ നിലവിൽ 460 വിദ്യാർഥികളാണുള്ളത്.
അപ് ഗ്രേഡ് ചെയ്ത നാൾമുതൽ എസ്എസ്എൽസിക്ക് നൂറു ശതമാനം വിജയം കൈവരിക്കുന്ന സ്കൂളിന് പരിമിതമായ കെട്ടിട സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. തുടർന്നാണ് 3 കോടി രൂപ കിഫ്ബി അനുവദിച്ച് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. താഴെ നാലു ക്ലാസ് മുറികൾ അടങ്ങുന്ന ഹാളും മുകളിലത്തെ നിലയിൽ നാലു ക്ലാസ് മുറികളുമാണുള്ളത്. അടുക്കളയും ഇരു നിലകളിലും ശുചിമുറി സൗകര്യവുമുണ്ട്.
നബാർഡ് രണ്ടു കോടി രൂപ ചെലവിൽ 9 ക്ലാസ് മുറികളോടെ നിർമിച്ച കെട്ടിടവും ഇവിടെ പൂർത്തിയായിട്ടുണ്ട്. ഉദ്ഘാടനം നടത്തി ഇതും പഠനത്തിനായി തുറന്നു നൽകുന്നതോടെ മികച്ച സൗകര്യമാകും സ്കൂളിന് ലഭ്യമാകുക.
രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. സ്കൂൾ അങ്കണത്തിൽ ചേരുന്ന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അധ്യക്ഷയാകും. കെ. സി. വേണുഗോപാൽ എംപി വിശിഷ്ടാതിഥിയാകും.