ചികിത്സാസഹായനിധിയിൽ തട്ടിപ്പ്: എച്ച്. സലാം എംഎൽഎ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
1458969
Saturday, October 5, 2024 3:24 AM IST
അമ്പലപ്പുഴ: ചികിത്സാ സഹായനിധിയിൽ തട്ടിപ്പ് നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രാജിവയ്ക്കണമെന്ന് കോൺഗ്രസ്. ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവുമായ ആർ. സജിമോന്റെ ഭാര്യ ജീജ(33)യുടെ വൃക്ക തകരാറിലാകുകയും ചികിത്സയെത്തുടർന്ന് വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആ കുടുംബം പ്രതിസന്ധിയിലായിരുന്നു.
ജനകീയസമിതി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുവാൻ അമ്പലപ്പുഴ എംഎൽഎയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ ജാതി-മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് യോഗം കൂടിയാണ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയത്.
എച്ച്. സലാം എംഎൽഎ ചെയർമാനായ ജനകീയ സമിതിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു. രാജുമോൻ കൺവീനറുമായിരുന്നു. 2021 ഓഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങളിൽനിന്നു പണപ്പിരിവ് നടത്തിയത്.
ചികിത്സാ ധനസമാഹരണത്തിൽ 22,38,085 പിരിഞ്ഞുകിട്ടിയിരുന്നു. ഇതിൽ 22,350 രൂപ ജനകീയസമിതിയുടെ പ്രചാരണ ചെലവുകൾക്ക് മാറ്റി ബാക്കി തുക അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ ജനകീയ സമിതിയുടെ ചെയർമാൻ എച്ച്. സലാം എംഎൽഎ, കൺവീനർ യു. രാജുമോൻ എന്നിവരുടെ പേരിൽ നിക്ഷേപിക്കാനുമായിരുന്നു തീരുമാനം.
എന്നാൽ, മൂന്നര കൊല്ലത്തിനിപ്പുറം ഗുരുതരമായ കൃത്യവിലോപം പുറത്തുവന്നിരിക്കുകയാണ്. പൊതുജനങ്ങളിൽനിന്നും സ്വരൂപിച്ച ആ തുക ഇതുവരെ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല.
തുക സ്വകാര്യമായി കയ്യിൽവയ്ക്കുകയും ജീജയുടെ ചികിത്സയ്ക്ക് വീഴ്ചവരുത്തുകയും ചെയ്ത എം എൽഎ നിയമ സഭാംഗത്വം രാജിവച്ചു പൊതുജനങ്ങളോട് മാപ്പു പറയണമെന്നും അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ്, ഡിസിസി ജനറൽ സെക്രട്ടറി പി. സാബു, എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ, പഞ്ചായത്തംഗം എൻ. ഷിനോയ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. റഫിഖ് എന്നിവർ അറിയിച്ചു.