പ്രിയ ഇടയന് യാത്രാമൊഴിയേകി ഇടവകജനം
1458963
Saturday, October 5, 2024 3:24 AM IST
മങ്കൊമ്പ്: 2021 ജൂലൈ മാസത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ഇടയനെ ആദരവോടെ വരവേറ്റ ചമ്പക്കുളത്തെ ഇടവകജനം ഇന്നലെ കണ്ണീരോടെ അദ്ദേഹത്തിനു യാത്രാമൊഴിയേകി. മൂന്നേകാൽ വർഷം പ്രകാശഗോപുരമെന്നപോൽ വിശ്വാസയാത്രയിൽ മുൻപേ നടന്നു നയിച്ച ഇടയന്റെ ചേതനയറ്റ ശരീരം വഹിച്ച ആംബുലൻസ് പ്രധാനകവാടം കടന്നുപോകുന്നത് നിറമിഴികളോടെയാണ് വിശ്വാസിസമൂഹം നോക്കിനിന്നത്.
അടുത്തറിഞ്ഞവരുടെയെല്ലാം മനസിനുള്ളിൽ ഇടംപിടിച്ചിരുന്ന വൈദികനെ കാണാൻ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ചമ്പക്കുളത്തേക്ക് ഒഴുകിയെത്തിയിരുന്നു. ജില്ലയ് ക്കു പുറത്തുനിന്നുള്ള സന്യസ്തരും അൽമായരും ഉച്ചമുതൽക്കെ ചമ്പക്കുളത്തെത്തിയിരുന്നു. കാത്തിരിപ്പിനൊടുവിൽ മൂന്നേകാലോടെ ഗ്രിഗറിയച്ചന്റെ ഭൗതികശരീരവും വഹിച്ചുള്ള ആംബുലൻസ് ബസിലിക്ക കവാടം കടന്നെത്തി.
ആയിരക്കണക്കിനുവരുന്ന ജനസമൂഹത്തിനു നടുവിലൂടെ അച്ചന്റെ ചേതനയറ്റ ദേഹം ദേവാലയത്തിനുള്ളിലേക്ക്, ദിവസവും ബലിയർപ്പിച്ചിരുന്ന അൾത്താരയ്ക്കഭിമുഖമായി, അവസാനമായി തന്റെ ഇടവക ജനത്തിനു മുൻപിലേക്ക്. മണിക്കൂറുകളായി കാത്തുനിന്നിരുന്നവർ വരിയായി പള്ളിക്കുള്ളിൽ പ്രവേശിച്ച് പ്രിയവൈദികനെ അവസാനമായി ഒരുനോക്കു കണ്ടു. ചമ്പക്കുളം ഫൊറോനയിലെയും ഇടവകയിലെയും വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷകൾ നടന്നു.
തുടർന്ന് ദർശനസമൂഹാംഗങ്ങളുടെ നേതൃത്വത്തിൽ പൊൻകുരിശിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രിയവികാരിയെ പള്ളിയിൽ നിന്നു പുറത്തേക്കിറക്കി, അവസാന യാത്രയയപ്പിനായി. ഒടുവിൽ ഇടയന്റെ ഭൗതികശരീരവും വഹിച്ചുള്ള ആംബുലൻസ് പള്ളിമുറ്റത്തൂകൂടി പ്രധാന കവാടവും കടന്നു റോഡിലേക്കിറങ്ങി. ഇടവകസമൂഹമൊന്നാകെ ആംബുലൻസിനെ അനുഗമിച്ചു പിന്നാലെയെത്തി.
നേരത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചങ്ങനാശേരിയിൽനിന്ന് ഇടവക സമൂഹം ഓണംകുളമച്ചന്റെ ഭൗതികശരീരം ദൈവാലയത്തിലേക്കു കൊണ്ടുവന്നത്. ഒരു യാത്രയയപ്പുപോലെ വാഹനങ്ങളുടെ അകമ്പടിയോടെ ജന്മഗൃഹത്തിലേക്ക് ഇടവകജനം അച്ചനെ പിൻതുടർന്നു.
രോഗശയ്യയിലും ഇടവകയെ മറക്കാതെ...
മങ്കൊമ്പ്: ആശുപത്രിക്കിടക്കയിൽ രോഗത്തോടു മല്ലടിക്കുമ്പോഴും ഇടവകയെയും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ആത്മീയ ശുശ്രൂഷകളെപ്പറ്റിയും ഗ്രിഗറിയച്ചൻ കർക്കശക്കാരനായിരുന്നു.
ഇടവകയുടെ ഭാഗമായ ബിഷപ് കുര്യാളശേരി സ്കൂളിനോടു ചേർന്നുള്ള ഓർശലേം ചാപ്പലിലെ തിരുനാളാരംഭിച്ചത് ബുധനാഴ്ചയാണ്. കൊടിയേറ്റുകർമം നിർവഹിക്കേണ്ടത് ഇടവകയുടെ വികാരിയെന്ന നിലയിൽ ഗ്രിഗറിയച്ചനായിരുന്നു. ആശുപത്രിക്കിടക്കയിലായതിനാൽ പകരം കൊടിയേറ്റാനുള്ള സംവിധാനമൊരുക്കാമെന്ന് സഹവികാരി അച്ചനെ അറിയിച്ചു.
എന്നാൽ, ആരോഗ്യസ്ഥിതി കാര്യമാക്കേണ്ടെന്നും കൊടിയേറ്റിനു താനെത്തുമെന്നുമറിയിച്ച അച്ചൻ സമയത്തുതന്നെയെത്തി കൊടിയേറ്റിയ ശേഷം ആശുപത്രിയിലേക്കു മടങ്ങി. പിറ്റേന്നു പുലർച്ചെയാണ് അച്ചന്റെ ആരോഗ്യനില വഷളാകുകയും മരണത്തിലേക്കു നയിക്കുകയും ചെയ്തത്.
അതുകൊണ്ടുതന്നെ സ്വന്തം ആരോഗ്യനില പോലും മറന്നു തങ്ങൾക്കുവേണ്ടി ജീവിച്ച പ്രിയ ഇടയന്റെ വേർപാട് വിശ്വാസിസമൂഹത്തിനു താങ്ങാവുന്നതിലും അധികമാണ്.
ഹൃദയത്തിന്റെ ആഴത്തിൽനിന്ന് അനുശോചനം: കൊടിക്കുന്നിൽ സുരേഷ് എംപി
മങ്കൊമ്പ്: ഓണംകുളം അച്ചന്റെ വിയോഗത്തിൽ എന്റെ ഹൃദയത്തിന്റെ ആഴത്തിൽനിന്ന് അനുശോചിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി. അച്ചനുമായി എനിക്ക് ദീർഘകാലത്തെ സൗഹൃദബന്ധമുണ്ടായിരുന്നു.
എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലങ്ങളിൽത്തന്നെ അദ്ദേഹം എനിക്ക് പ്രചോദനവും പിൻതുണയുമായിരുന്നു. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ച ദിവസം മുതൽ, വിവിധ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിക്കുമ്പോഴും ബന്ധം നിലനിന്നുപോന്നു.
ചമ്പക്കുളം പുല്ലങ്ങടി തിരുക്കുടുംബ ദേവാലയത്തിൽ സംഘടിപ്പിച്ച പ്രഥമ ദിവ്യബലിയർപ്പണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനമായിരുന്നു അച്ചനുമായി ഞാൻ പങ്കെടുത്ത അവസാന പരിപാടി.
അച്ചന്റെ ദൈവസ്നേഹവും മനുഷ്യസേവനവും എനിക്ക് പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യതയും സ്നേഹത്തോടെയുള്ള ഇടപെടലുകളും എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം അനുസ്മരിച്ചു.