കായിപ്പുറം ഗ്രാമത്തിന് പാൽപ്പുഞ്ചിരിയായി രഘുവരൻ
1458971
Saturday, October 5, 2024 3:24 AM IST
മുഹമ്മ: കായിപ്പുറത്തിന്റെ പാൽപ്പുഞ്ചിരിയാണ് രഘുവരൻ. നാലു പതിറ്റാണ്ടായി കായിപ്പുറം ഗ്രാമം കണികണ്ടുണരുന്നത് പാൽ നിറച്ച കുപ്പികളുമായി വരുന്ന രഘുവരന്റെ മുഖമാണ്. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും പാൽ നിറച്ച പാത്രങ്ങളുമായി എത്തുന്നവർ, ഒരിക്കൽ പുലർകാല കാഴ്ചയായിരുന്നു. ഇവരുടെ വരവിനായി വീടിന് മുന്നിൽ ആൾക്കാർ കാത്തുനിന്നിരുന്നു.
കവർപാലിന്റെ വ്യാപനത്തോടെയാണ് വീടുകളിൽ പാൽ വിൽപ്പനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്ന് ഈ തൊഴിൽ ചെയ്യുന്നവർ ഒറ്റപ്പെട്ട കാഴ്ചയാണ്. പാരമ്പര്യമായി പശുവളർത്തലുള്ള കുടുംബമാണ് കായിപ്പുറം രാമപുരത്ത് വീട്.
ഈ കുടുംബ പാരമ്പര്യമാണ് രഘുവരനെ ക്ഷീരകർഷകനാക്കിയത്. തൊഴിലിനോടുള്ള ആഭിമുഖ്യം കൊണ്ടാണ് രഘുവരൻ മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിയാതിരുന്നത്. തൊഴിൽ രംഗത്ത് ഏറെ പ്രതിസന്ധി ഉണ്ടെങ്കിലും കായിപ്പുറത്തിന്റെ ഗ്രാമവീഥികളിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇന്നും രഘുവരൻ എത്തുന്നു.
10 കറവപ്പശുക്കളെവരെ ഒറ്റയ്ക്ക് പരിപാലിച്ചയാളാണ് രഘുവരൻ. കറവപ്പശുക്കളുടെ തീറ്റ, കുളി, കറവ, പാൽ വിൽപ്പന എന്നിങ്ങനെയുള്ള ജോലികളെല്ലാം രഘുവരൻ ഒറ്റയ്ക്കാണ് ചെയ്യുന്നത്. സ്വന്തം ഫാമിൽനിന്നുള്ള പാലിന് പുറമെ മിൽമാ സൊസൈറ്റിയിൽനിന്നു വാങ്ങുന്ന പാലും വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു.
ക്ഷീരകർഷകർ ഏറെ പ്രതിസന്ധികൾ നേരിടുന്നതായി രഘുവരൻ പറയുന്നു. കാലിത്തീറ്റയുടെയും പുല്ലിന്റെയും വില വർധനവാണ് കർഷകരെ വലയ്ക്കുന്നത്. ക്ഷീരകർഷകരുടെ നിലനിൽപ്പിനായുള്ള പദ്ധതികളും നാമമാത്രമാണ്.