അംഗപരിമിതന്റെ വഴി സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1458972
Saturday, October 5, 2024 3:24 AM IST
ആലപ്പുഴ: 75 ശതമാനം അംഗപരിമിതനായ വ്യക്തിക്ക് അവകാശപ്പെട്ട 1.80 മീറ്റർ വീതിയിലുള്ള വഴിയിൽ തടസങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചേർത്തല തഹസിൽദാർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിക്കാരന് സ്വന്തമായുള്ള വഴി വേലി കെട്ടി തിരിച്ച് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കാൻ ചേർത്തല തഹസിൽദാർ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തനിക്ക് അവകാശപ്പെട്ട വഴി ഭജനമഠത്തിന് അർഹതപ്പെട്ടതാണെന്ന് ആരോപിച്ച് വഴിയിൽ വാഹനം കയറാത്ത തരത്തിൽ കോൺക്രീറ്റ് പോസ്റ്റിട്ടെന്നാണ് ചേർത്തല എസ്എൽ പുരം സ്വദേശി വി.എം കുഞ്ഞുമോൻ സമർപ്പിച്ച പരാതി.
ചേർത്തല തഹസിൽദാറിൽ നിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ വഴി ആരും തടസപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എതിർകക്ഷിയായ ഭജനമഠം ഭാരവാഹികളെയും പരാതിക്കാരനെയും കണ്ട് വില്ലേജ് ഓഫീസർ സംസാരിച്ചിട്ടുണ്ട്.
1.80 മീറ്റർ വഴിവിട്ട് മാത്രം മതിൽ കെട്ടുകയുള്ളുവെന്ന് ഭജനമഠം ഭാരവാഹികളും സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരന് ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ചേർത്തല തഹസിൽദാറെ സമീപിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.