എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ എരുമേലിയിൽനിന്നു മാറ്റിസ്ഥാപിക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അതേസമയം എംഎൽഎ കത്ത് നൽകി കെഎസ്ആർടിസിക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട മുറികൾ ലേലം ചെയ്തു കൊടുത്ത് ദേവസ്വം ബോർഡ്.
അപകടത്തിലായ ഓപ്പറേറ്റിംഗ് സെന്റർ തൊട്ടടുത്ത ദേവസ്വം ബോർഡിന്റെ രണ്ടു മുറികളിലേക്ക് മാറ്റി സെന്റർ നിലനിർത്താനാണ് എംഎൽഎ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നത്. എന്നാൽ, എംഎൽഎയ്ക്ക് മറുപടി നൽകാതെയാണ് ലേലം ചെയ്തത്. ഇത് സംബന്ധിച്ച് ദേവസ്വം, ഗതാഗത മന്ത്രിമാരുമായി സംസാരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
അതേസമയം, ദേവസ്വം ബോർഡ് മുറികൾ നൽകാതെ ലേലം ചെയ്തത് കണക്കിലെടുത്ത് സെന്റർ എരുമേലിയിൽനിന്ന് അനുയോജ്യമായ മറ്റ് ഡിപ്പോകളിൽ എവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്നും പൊൻകുന്നം എടിഒ കെ. അനിൽകുമാർ വകുപ്പിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതു പ്രകാരം നടപടിയായാൽ എരുമേലിയിലെ കെഎസ്ആർടിസി സെന്റർ അടച്ചുപൂട്ടേണ്ടി വരും.
ഇതിനെതിരേ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. വിവിധ സംഘടനകൾ അടുത്ത ദിവസം മുതൽ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ്.
ഓപ്പറേറ്റിംഗ് സെന്ററിലെ ടിക്കറ്റ് ആൻഡ് കളക്ഷൻ ബ്ലോക്കും ഇതിനോടു ചേർന്നുള്ള ശുചിമുറി ബ്ലോക്കും അടിത്തറ തകർന്ന് അപകടാവസ്ഥയിലാണ്. അതേസമയം സെന്ററിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സ്വകാര്യ വ്യക്തിക്ക് അനുകൂലമായ കോടതിവിധി ഉണ്ടായിരുന്നു. മൂന്നു മാസത്തിനകം സെന്റർ ഒഴിഞ്ഞു സ്വകാര്യ വ്യക്തിക്കു നൽകാനായിരുന്നു വിധി. ഇതിനെതിരേ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിനിടെയാണ് ദേവസ്വം ബോർഡിന് കത്ത് കിട്ടിയിട്ടും അവഗണിച്ചുകൊണ്ട് കെഎസ്ആർടിസിക്ക് നൽകാതെ മുറികൾ ലേലം ചെയ്തത്.
കഴിഞ്ഞ തീർഥാടനകാലത്ത് എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ 2.25 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സെന്ററിൽ 28 ബസുകളും 25 സർവീസുകളുമാണ് പ്രതിദിനം നടത്തുന്നത്. ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനകാലത്ത് അധികമായി 25 ബസുകൾ കൂടിയാണ് പമ്പ സർവീസ് നടത്തുന്നത്. 140 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
Tags : KSRTC nattuvisesham local news