തിരുവനന്തപുരം: സിപിഎം-സിപിഐ തർക്കത്തിന് ഇടയാക്കിയ പിഎം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിസഭാ യോഗത്തിനു മുൻപ് ഉഭയകകക്ഷി ചർച്ചകൾക്കു ശേഷമാണ് സിപിഐയുടെ നാലു മന്ത്രിമാരും പങ്കെടുത്തത്. പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് വരുന്നതു വരെ പിഎം ശ്രീ പദ്ധതി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭായോഗത്തിനു മുൻപ് പിഎം ശ്രീ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു കത്ത് തയാറാക്കിയ ശേഷമാണ് മന്ത്രിസഭ തുടങ്ങിയത്. അതേസമയം, ധാരണാപത്രം മരവിപ്പിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രസർക്കാരിനെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കണമെന്ന സിപിഐയുടെ നിർദേശം നടപ്പായില്ല.
പിഎം ശ്രീ പദ്ധതി ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്ത് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചു പുനഃപരിശോധന നടത്താൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ഉപസമിതിയാണ് രൂപീകരിച്ചത്.
മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, പി.രാജീവ്, എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ അംഗങ്ങളായിരിക്കും. ഉപസമിതി റിപ്പോർട്ട് ലഭിക്കുന്നതുവരെ സംസ്ഥാനത്ത് പിഎം ശ്രീ നടപ്പാക്കുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകില്ലെന്ന് കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയെയും മന്ത്രിസഭയെയും അറിയിക്കാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, പുനഃപരിശോധിക്കാൻ ഉപസമിതി രൂപീകരിച്ചതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വേഗത്തിൽ റിപ്പോർട്ട് നൽകാനാണ് ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Tags : PM Shri Scheme cpi cpm