തിരുവനന്തപുരം: അപേക്ഷിച്ചാല്‍ അപ്പോള്‍തന്നെ കെട്ടിട നിര്‍മാണാനുമതി ലഭിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ നിയമ ഭേദഗതികള്‍ വരുത്തിയതായും ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
വിവിധ മേഖലകളിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിശദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അഭിപ്രായ സമന്വയങ്ങള്‍ക്കും ശേഷമാണ് കെട്ടിടനിര്‍മാണ ചട്ട ഭേദഗതികള്‍ നിലവില്‍ വരുന്നത്.
നിലവില്‍ 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ളതും, രണ്ടു നിലവരെയും ഏഴു മീറ്റര്‍ ഉയരവുമുള്ള വീടുകളെയാണ് അപേക്ഷിച്ചാല്‍ അപ്പോള്‍ തന്നെ നിര്‍മാണാനുമതി നല്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചട്ടഭേദഗതി പ്രകാരം കെട്ടിടത്തിന്റെ ഉയരത്തിന്റെ പരിധി പൂര്‍ണമായും ഒഴിവാക്കി. ഇതോടെ 80 ശതമാനത്തോളം വീടുകള്‍ക്കും ഇനി അപേക്ഷ സമര്‍പ്പിച്ചാല്‍ നിമിഷങ്ങള്‍ക്കകം കെട്ടിടനിര്‍മാണ അനുമതി ലഭ്യമാകുമെന്നു മന്ത്രി പറഞ്ഞു.
വാണിജ്യ കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് ലഭ്യമാക്കുന്നതിനുള്ള വിസ്തീർണത്തിന്റെ അളവ് നിലവിലുണ്ടായിരുന്ന 100 ചതുരശ്ര മീറ്റര്‍ എന്നത് 250 ചതുരശ്ര മീറ്ററായി ഉയര്‍ത്തി. ഇതിലൂടെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ നിര്‍മാണാനുമതി ലഭിക്കുന്ന സ്ഥിതി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിനു മുന്നോടിയായി പെര്‍മിറ്റ് നിര്‍ബന്ധമാക്കി. ജില്ലാ ടൗണ്‍ പ്ലാനറുടെ ലേഔട്ട് അനുമതിയില്ലാതെ സെക്രട്ടറിക്കു തന്നെ നിര്‍മാണാനുമതി നല്കാവുന്ന കെട്ടിടങ്ങളുടെ വ്യാപ്തി ഗണ്യമായി വര്‍ധിപ്പിച്ചു. ഇതോടെ കെട്ടിടനിര്‍മാണ അനുമതിക്കായി ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍നിന്നും ലേഔട്ട് അപ്രൂവല്‍ ആവശ്യമായി വരുന്ന കെട്ടിടങ്ങളുടെ എണ്ണം വന്‍തോതില്‍ കുറയും. ഇടത്തരം, വന്‍കിട കെട്ടിടങ്ങള്‍ക്ക് അനുമതി ലഭ്യമാവുന്നതിലെ കാലതാമസം കുറയ്ക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചട്ടഭേദഗതിയിലൂടെ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് കാലോചിതമായി പരിഷ്കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍ക്ക്, നിലവില്‍ താമസാവശ്യ കെട്ടിടങ്ങള്‍ക്കു വേണ്ടിവരുന്ന പാര്‍ക്കിംഗ് ആവശ്യത്തിന്റെ 50 ശതമാനം പാര്‍ക്കിംഗ് സ്ഥലം മതി എന്ന രീതിയില്‍ ഇളവ് വരുത്തി. ഹോസ്റ്റല്‍ വിദ്യാഭ്യാസ സ്ഥാപനത്തോട് ചേര്‍ന്നതും അതേ കോമ്പൗണ്ടിലുമാണെങ്കില് 25 ശതമാനം പാര്‍ക്കിംഗ് സ്ഥലം നല്കിയാല് മതിയാവും.
ഓള്‍ഡ് ഏജ് ഹോം, കമ്യൂണിറ്റി ലിവിംഗ് ഫോര്‍ ഓള്‍ഡ് ഏജ്, സെമിനാരി, കോണ്‍വന്റ്, ഓര്‍ഫനേജ് തുടങ്ങിയവയ്ക്കും നിലവിലുള്ള പാര്‍ക്കിംഗ് ആവശ്യത്തിന്റെ 25 ശതമാനം മതി എന്ന് നിജപ്പെടുത്തി. ഇത്തരത്തില്‍ നിരവധി ഭേദഗതികളാണ് ചട്ടത്തില്‍ വരുത്തിയിട്ടുള്ളതെന്നും നിയമവകുപ്പിന്റേത് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചുകഴിഞ്ഞതായും ഉടന്‍ വിജ്ഞാപനം ഇറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെട്ടിടനിര്‍മാണ ചട്ടഭേദഗതിയിലെ മറ്റു പ്രധാന ഇളവുകള്‍:
►മൂന്നു നില വരെയുള്ള വീടുകള്‍ക്കു മുകളില്‍ മേല്‍ക്കൂരയ്ക്ക് സംരക്ഷണം ഒരുക്കാനും തുണി ഉണക്കുക പോലെയുള്ള ആവശ്യങ്ങള്‍ക്കുമായി സ്ഥാപിക്കുന്ന ഷീറ്റ്- ഓട് മേല്‍ക്കൂരകള്‍ പൂര്‍ണമായും അനുവദനീയമാക്കി.
►വാണിജ്യ കെട്ടിടങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍തന്നെ പെര്‍മിറ്റ് ലഭ്യമാക്കുന്നതിനുള്ള വിസ്തീണത്തിന്റെ അളവ് 100 ചതുരശ്ര മീറ്ററില്‍നിന്ന് 250 ചതുരശ്ര മീറ്ററാക്കി ഉയര്‍ത്തി.
►അപേക്ഷിച്ചാല്‍ ഉടന്‍ നിര്‍മാണാനുമതി ലഭ്യമാവുന്ന ഇളവുകള്‍ കൂടുതല്‍ തരം വ്യവസായ കെട്ടിടങ്ങള്‍ക്കുകൂടി ബാധകമാക്കി. ജി-1 ഗണത്തില്‍, 200 ചതുരശ്രമീറ്റര്‍ (2152.78 ചതുരശ്ര അടി) വരെ വിസ്തൃതിയുള്ളതും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയിലും, ഗ്രീന്‍ കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടുള്ളതുമായ മുഴുവന്‍ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് ലഭിക്കുന്ന രീതിയില്‍ ചട്ടങ്ങളില്‍ ഇളവ് .
►ലോ റിസ്ക് അല്ലാത്ത കെട്ടിടങ്ങളുടെ പെര്‍മിറ്റ് അനുവദിക്കുന്നതിലുള്ള കാലതാമസത്തിന്റെ ഒരു പ്രധാന കാരണം നിര്‍മാണാനുമതി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സ്ഥലപരിശോധനയായിരുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്ന അപേക്ഷകളില്‍, സ്ഥലപരിശോധന നടത്താതെതന്നെ അനുമതി ലഭ്യമാക്കാവുന്ന രീതിയില്‍ ഇളവുകള്‍ വരുത്തി.
►രണ്ട് സെന്റില്‍ കൂടാത്ത സ്ഥലത്ത് പരമാവധി 100 ചതുരശ്ര മീറ്ററില്‍ കൂടാത്ത കെട്ടിടത്തിന് മൂന്നു മീറ്ററില്‍ കൂടാത്ത വീതിയുള്ള അണ്-നോട്ടിഫൈഡ് ആയിട്ടുള്ള റോഡില്‍നിന്നുമുള്ള ചുരുങ്ങിയ ദൂരപരിധി ഒരു മീറ്റര്‍ ആയി നിജപ്പെടുത്തി. നിലവില്‍ ഇത് രണ്ടു മീറ്റര്‍ ആയിരുന്നു.
►കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടര്‍ഫുകള്‍ക്കും ഗെയിം കോര്‍ട്ടുകള്‍ക്കും കൂടുതല്‍ ഇളവുകളോടെ ‘ഗ്രൂപ്പ് ഡി വണ്‍ റിക്രിയേഷണല്‍ കണ്‍സ്ട്രഷന്‍സ്’ എന്ന പേരില്‍ പുതിയ ഒക്യുപന്‍സി ഗ്രൂപ്പ് നിലവില്‍ വരും.
►ജി -1 കാറ്റഗറിയിലുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതുമായ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 200 ചതുരശ്ര മീറ്റര്‍ (2152.78 ചതു. അടി) വരെയുള്ള കെട്ടിടനിര്‍മാണത്തിന് നിലവിലുണ്ടായിരുന്ന മൂന്നു മീറ്റര്‍ ഫ്രണ്ട് സെറ്റ്ബാക്ക് 1.8 മീറ്ററായി കുറച്ചു. വശങ്ങളിലും പിന്നിലുമുള്ള സെറ്റ്ബാക്കുകള്‍ രണ്ടു മീറ്ററില്‍നിന്ന് ഒരു മീറ്ററാക്കി കുറച്ചു.
►പെര്‍മിറ്റ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള ഫീസ് പകുതിയായി കുറച്ചു. 10 വര്‍ഷത്തിനു ശേഷം പെര്‍മിറ്റ് ദീര്‍ഘിപ്പിക്കല്‍ ആവശ്യമായി വരുന്ന പക്ഷം നിലവില്‍ പെര്‍മിറ്റ് ഫീസിന്റെ ഇരട്ടി അടയ്ക്കേണ്ടിവന്നിരുന്നതാണ് പകുതിയായി കുറയുന്നത്.
►വ്യാവസായിക ആവശ്യത്തിന് ഭൂമി സബ്ഡിവിഷന് നടത്തുമ്പോള്‍ ആവശ്യമായ റോഡിന്റെ വീതി നിലവിലെ 10 മീറ്ററില്‍നിന്ന് എട്ടു മീറ്ററാക്കി കുറച്ചു. ഓരോ പ്ലോട്ടിന്റെയും ചുരുങ്ങിയ വലുപ്പം 400 ചതുരശ്ര മീറ്ററില്‍നിന്ന് 320 ആക്കി കുറച്ചു.
Tags : Construction code