ബെയ്ജിംഗ്: യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഇന്ന് ദക്ഷിണകൊറിയയിൽ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും മാസങ്ങളായി തുടരുന്ന വാണിജ്യയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കൂടിക്കാഴ്ചയുടെ കാര്യം ചൈന ഇന്നലെയാണു സ്ഥിരീകരിച്ചത്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ച ട്രംപും ഷിയും നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ ഉണ്ടാകുമെന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാന്പത്തികശക്തിയിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം അവസാനിച്ചുകാണാൻ വ്യവസായ, നിക്ഷേപ സ്ഥാപനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ചൈന അടുത്തിടെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാൻ തുടങ്ങിയത് സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്നെത്തുന്ന ഷി ചിൻപിംഗ് ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും.
Tags : Donald Trump Xi Jinping