കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി.
അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞത്.
ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകി.
ഇരുവരെയും ബുധനാഴ്ച രാത്രി രാമനാട്ടുകരയിൽനിന്ന് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കി.
പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി 2013 ഏപ്രിൽ 29നാണ് മരിച്ചത്. പെൺകുട്ടിയുടെ പത്തുവയസുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുൻതൂക്കം നൽകിയത്. പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റി.
ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിച്ചു എന്ന കുറ്റമാണ് പ്രതികൾക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവച്ചാൽ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുട്ടിയുടെ മരണത്തിന്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി. പ്രോസിക്യൂഷനായി ടി.വി. നീമ ഹാജരായി.
Tags : Murder Case