ഓട്ടവ: കാനഡയിൽ ഇന്ത്യൻ വ്യവസായി ദർശൻ സിംഗ് സഹാസിയെ (68) വെടിവച്ചു കൊന്നു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് പോലീസ് നിഗമനം. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയുടെ സംഘം കൊലതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തങ്ങളുടെ ആവശ്യങ്ങൾ നിരസിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് സംഘം വ്യക്തമാക്കി. ഇതു നിഷേധിച്ച കുടുംബം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.
ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ അബോട്സ്ഫോഡ് നഗരത്തിലെ വീടിനു പുറത്ത് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ ദർശൻ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കാർ നിർത്തി പുറത്തിറങ്ങിയ ഉടൻ വെടിവയ്ക്കുകയായിരുന്നു.
കാനം ഇന്റർനാഷനൽ എന്ന ടെക്സ്റ്റൈൽ കമ്പനിയുടെ പ്രസിഡന്റ് ആണ് ദർശൻ. കൊലപാതകം നടത്തിയതായി ബിഷ്ണോയ് സംഘാംഗം ഗോൾഡി ധില്ലൻ സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു. ബിഷ്ണോയുടെ സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. നിരവധി കൊലപാതകങ്ങൾ സംഘം നടത്തിയിട്ടുണ്ട്.
ദർശൻ സിംഗ് പഞ്ചാബിൽ നിന്ന് 1991ലാണ് കാനഡയിലെത്തിയത്. തിങ്കളാഴ്ച പഞ്ചാബി ഗായകൻ ഛാനി നാട്ടന്റെ വീടിനു പുറത്തും സംഘം വെടിവയ്പ് നടത്തിയിരുന്നു. ബിഷ്ണോയ് സംഘം ഇതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്.
സർദാർ ഖേര എന്ന ഗായകനുമായി ബന്ധം സ്ഥാപിച്ചതാണ് കാരണം. സർദാർ ഖേര വരും ദിവസങ്ങളിൽ കൂടുതൽ നാശം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സംഘം നൽകിയിട്ടുണ്ട്.