അമരാവതി: ആന്ധ്രയിൽ കനത്ത നാശം വിതച്ച് മോൻത ചുഴലിക്കൊടുങ്കാറ്റ്. രണ്ടു പേർ മരിച്ചതായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി, മരങ്ങൾ കടപുഴകി വീണു.
കൊനസീമ ജില്ലയിൽ ഒരു സ്ത്രീ മരിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് മോൻത ആന്ധ്രാ തീരംതൊട്ടത്. കാറ്റിനൊപ്പമെത്തിയ കനത്ത മഴയിൽ ഒന്നര ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായി സർക്കാർ കണക്കുകൾ പറയുന്നു. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റു വീശിയത്.
കൊനസീമ ജില്ലയിലെ മകനഗൂഡത്തിൽ പന കടപുഴകി വീണ് 43കാരി മരിച്ചു. കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വെസ്റ്റ് ഗോദാവരി ജില്ലയിൽ 141 മരങ്ങൾ കടപുഴകി വീണു. എട്ടു പേർക്ക് പാമ്പുകടിയേറ്റതായും പോലീസ് സൂപ്രണ്ട് അദ്നാൻ നയീം അസ്മി പറഞ്ഞു.
പശ്ചിമ ഗോദാവരി ജില്ലയിലെ പെരുപലേം ബീച്ചിൽ കടൽ കയറി. കൊനസീമ ജില്ലയിലെ അൻതാർവേദിയിൽ, 200 മരങ്ങൾ കടപുഴകി. 70 വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
മരങ്ങൾ ഒടിഞ്ഞുവീണ് രണ്ടു പേർക്കു പരിക്കേറ്റു. ഇതൊഴിച്ചാൽ ഇവിടെ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ശക്തമായ കാറ്റ് വീശിയെങ്കിലും പ്രദേശത്ത് മഴയുണ്ടായില്ല.
മുൻകരുതലെന്ന നിലയിൽ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
Tags : cyclone montha