കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരേ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.
നടപടിക്രമങ്ങള്‍ പാലിച്ചാണു സ്പോണ്‍സര്‍ക്കു സ്റ്റേഡിയം നവീകരണത്തിന് വിട്ടുനല്കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യപ്രതിഷേധങ്ങളിലേക്കു കടന്നതോടെയാണ് ജിസിഡിഎയുടെ പ്രതികരണം.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണപ്രവൃത്തിയില്‍ വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
എന്നാൽ കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി കൈമാറിയതില്‍ സ്പോണ്സറുമായി കരാറില്ലെന്ന് ജിസിഡിഎ. കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് (കെഎസ്എഫ്) ജിസിഡിഎ സ്റ്റേഡിയം നല്‍കിയിട്ടുള്ളത്. കെഎസ്എഫാണ് സ്പോണ്സര്ക്ക് സ്റ്റേഡിയം കൈമാറിയിരിക്കുന്നത്. മാർച്ചില്‍ അര്‍ജന്റീന ഫുട്ബോൾ ടീം വന്നാല്‍ സ്പോണ്സര്ക്ക് സ്റ്റേഡിയം വിട്ടുനല്‍കുമെന്നും ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
Tags : Kaloor Stadium renovation Kerala Sports Foundation GCDA no contract with sponsor