ന്യൂഡൽഹി: സോണിയ ഗാന്ധി, മകൻ രാഹുലിനെ പ്രധാനമന്ത്രിയാക്കാനും ലാലുപ്രസാദ് യാദവ് മകൻ തേജസ്വിയെ മുഖ്യമന്ത്രിയാക്കാനും ആഗ്രഹിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള യാത്രയാണെന്നും ഷാ ആരോപിച്ചു.
എൻഡിഎ സർക്കാർ നിരോധിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) അംഗങ്ങൾ ജയിലിൽനിന്നു പുറത്തുവരാൻ അനുവദിക്കില്ലെന്നും ബിഹാറിലെ ബെഗുസാരായിയിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ആർജെഡിയുടെ മഹാസഖ്യം അധികാരത്തിലെത്തിയാൽ പിഎഫ്ഐ അംഗങ്ങൾ ജയിലിൽ തുടരുമെന്ന് കരുതുന്നുണ്ടോയെന്നും ഷാ ചോദിച്ചു.
ലാലുപ്രസാദും സോണിയ ഗാന്ധിയും കുടുംബരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിഹാറിലെ ദർഭംഗയിൽ നടന്ന റാലിയിൽ ഷാ ആരോപിച്ചു. ഈ രണ്ടു സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നില്ലെന്നു മനസിലാക്കാതെയാണെന്ന് ഇവരുടെ മോഹം.
മഹാസഖ്യത്തിലെ രണ്ട് ഉന്നത നേതാക്കളും സ്വന്തം മക്കളെ അധികാരത്തിലെത്തിക്കാനാണു ശ്രമിക്കുന്നത്. മഹാഗഡ്ബന്ധൻ അല്ല മറിച്ച് ‘തഗ് ബന്ധൻ’ ആണ്. ലാലുപ്രസാദ് നിരവധി അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. 12 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസുകളിൽ കോണ്‍ഗ്രസ് ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിൽ എൻഡിഎ സഖ്യം പഞ്ചപാണ്ഡവന്മാരാണ്. സംസ്ഥാനത്ത് കാട്ടുഭരണം തിരിച്ചു വരുന്നതു തടയാനുള്ള തെരഞ്ഞെടുപ്പാണിത്. ബാബു ജഗജീവൻ റാം പ്രധാനമന്ത്രിയാകുന്നതു തടഞ്ഞ കോണ്‍ഗ്രസിന്റെ യഥാർഥ മുഖം ആളുകൾ കണ്ടതാണെന്നും ഷാ കൂട്ടിച്ചേർത്തു.
Tags : Sonia and Lalu Amit Shah Bjp Bihar election NDA