ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വോട്ടുകൊള്ള തന്നെയെന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടുതട്ടിപ്പിനും തെരഞ്ഞെടുപ്പുഫലങ്ങൾ അട്ടിമറിക്കാനും തെരഞ്ഞെടുപ്പു കമ്മീഷനുമായി ബിജെപി ഒത്തുകളിക്കുകയാണ്. വോട്ട് നേടാനായി വേദിയിൽ വന്നു ഡാൻസ് കളിക്കാൻ പോലും മടിക്കാത്തയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ രാഹുൽ ആക്ഷേപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സർക്കാർ ബിജെപിയുടെ റിമോട്ട് കണ്ട്രോളിലാണെന്ന് രാഹുൽ ആരോപിച്ചു. ഇതൊഴിച്ചാൽ ബിഹാറിലെ മുസാഫർപുരിൽ ഇന്നലെ ആദ്യ തെരഞ്ഞെടുപ്പുറാലിയിൽ, നിതീഷിനെ ഒഴിവാക്കി പ്രധാനമന്ത്രി മോദിക്കെതിരേയായിരുന്നു രാഹുലിന്റെ പ്രധാന ആക്രമണം. ഹെലികോപ്റ്ററിൽ വൈകി റാലിക്കെത്തിയ രാഹുലിനെ ഇടയ്ക്കു പെയ്ത മഴയിലും ആവേശത്തോടെയാണു വൻ ജനാവലി വരവേറ്റത്. ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് രാഹുലിന്റെ ചോദ്യങ്ങൾക്കു പ്രതികരണമായി ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
മഹാസഖ്യത്തിന്റെ സീറ്റുവിഭജന തർക്കം മാറ്റിവച്ച് ആർജെഡി നേതാവും പ്രതിപക്ഷ മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രാഹുലിനോടൊപ്പം വേദിയിലുണ്ടായിരുന്നു. എന്നാൽ തേജസ്വിയെക്കുറിച്ച് രാഹുൽ കാര്യമായി പരാമർശിച്ചില്ല. മുസാഫർപുർ ജില്ലയിലെ പട്ടികജാതി സംവരണ സീറ്റായ സക്ര നിയമസഭാ മണ്ഡലത്തിലായിരുന്നു രാഹുലിന്റെ ആദ്യ റാലി.
“മോദിജിയോടു വേദിയിൽ വന്നു നൃത്തം ചെയ്യാൻ പറയൂ. തെരഞ്ഞെടുപ്പിനു മുന്പായതിനാൽ അദ്ദേഹം നൃത്തം ചെയ്യും. അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് വേണം. പക്ഷേ തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകും. അംബാനിയുടെ വിവാഹത്തിൽ മാത്രമേ പിന്നെ നിങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയൂ’’- രാഹുൽ പരിഹസിച്ചു.
മോദിജി തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കുകയാണ്. വോട്ടുമോഷണം നടത്തുകയാണ്. തെരഞ്ഞെടുപ്പുകൾതന്നെ അവസാനിപ്പിക്കാനാണ് അവരുടെ ആഗ്രഹം. മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ തെരഞ്ഞെടുപ്പു മോഷ്ടിച്ചു. ബിഹാറിലും അതിനായി അവർ പരമാവധി ശ്രമിക്കും. ജാഗ്രത പാലിക്കുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി മോദിക്കു പേടിയാണെന്ന് പ്രതിപക്ഷനേതാവ് ആക്ഷേപിച്ചു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചതു തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നത് കള്ളമാണെന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
ബിഹാറുകാരുടെ ഛഠ് പൂജയ്ക്ക് മോദിജി ഡൽഹിയിൽ നാടകം കളിക്കുകയായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു. യമുനാ നദിയിലല്ല, അതിനടുത്തു നിർമിച്ച പ്രത്യേക നീന്തൽക്കുളത്തിൽ കുളിക്കാനായിരുന്നു പരിപാടി. അവിടെ യമുനയില്ല. ആചാരപരമായ സ്നാനം നടത്താനല്ല അദ്ദേഹം ശ്രമിച്ചത്.
നീന്തൽക്കുളത്തിൽ കുളിക്കാൻ പോകുന്നതിന് യമുനയുമായോ ഛഠ് പൂജയുമായോ ബിഹാറിലെ ജനങ്ങളുമായോ മോദിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റേതു വെറും നാടകമാണ്. രാഹുൽ പറഞ്ഞു. മുംബൈയിലെ ധാരാവിയിൽ ധാരാളം ബിഹാറികൾ ചെറുകിട ബിസിനസുകൾ നടത്തുന്ന ഭൂമി ഒരു കോടീശ്വരനു കൈമാറിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട ബിസിനസുകൾ നശിപ്പിച്ചു. ചൈനയിലല്ല ബിഹാറിൽ നിർമിച്ചതാകും പ്രതിപക്ഷ മഹാസഖ്യത്തിന്റെ സർക്കാരെന്ന് രാഹുൽ പറഞ്ഞു.
Tags : Rahul Gandhi SIR votes Bihar election India alliance