തിരുവനന്തപുരം: ആരോടും ആലോചിക്കാതെ ചർച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയന് ഒടുവിൽ സിപിഐയ്ക്കു മുന്നിൽ തലകുനിക്കേണ്ടിവന്നു. പാർട്ടിയും ഭരണവും സ്വന്തം നിയന്ത്രണത്തിലാക്കി മുന്നോട്ടു പോയ മുഖ്യമന്ത്രി ഇതാദ്യമായി സിപിഐക്കു മുന്നിൽ വഴങ്ങി. ആദ്യം പാർട്ടിയിലെ മന്ത്രിയെപ്പോലും ഇരുട്ടിൽ നിർത്തി പദ്ധതിയിൽ ഒപ്പിടാനുള്ള നീക്കങ്ങൾ സ്വന്തം ഓഫീസ് വഴിയാണു മുഖ്യമന്ത്രി നടത്തിയത്.
സിപിഎം നേതൃത്വം പോലും അറിഞ്ഞതു പദ്ധതിയിൽ സർക്കാർ ഒപ്പിട്ടശേഷമാണ്. സിപിഎമ്മിനും സിപിഐയുടെ നിലപാടുതന്നെയാണെന്ന എം.വി. ഗോവിന്ദന്റെ ഒളിയന്പും മുഖ്യമന്ത്രിയുടെ നടപടിയിലെ അസംതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. മറ്റു വിഷയങ്ങളിലേതുപോലെ സിപിഐയെ ഇതിലും ഒതുക്കിപ്പോകാമെന്ന മുഖ്യമന്ത്രിയുടെ മോഹമാണു നടക്കാതെ പോയിരിക്കുന്നത്. വിജയിച്ചതാകട്ടെ സിപിഐയും സെക്രട്ടറി ബിനോയ് വിശ്വവും.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നിലപാടിനെ പരസ്യമായാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിർത്തത്. “എന്തൊരു സർക്കാരിണിത്. സിപിഐയെ ഇരുട്ടിൽ നിർത്തി. ഇടതുപക്ഷ നയത്തിൽനിന്നുള്ള ശക്തമായ വ്യതിയാനം”. എന്നിങ്ങനെ കടുത്ത പ്രയോഗങ്ങളായിരുന്നു ബിനോയിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
സിപിഐ മന്ത്രിമാരെ അറിയിക്കാതെ, ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഒരു ഉദ്യോഗസ്ഥയെ രഹസ്യമായി ഡൽഹിയിൽ പറഞ്ഞയച്ച് ആർഎസ്എസ് വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പിട്ടതിനു പിന്നിൽ അസാധാരണമായ എന്തോ ഉണ്ടെന്നു ബിനോയ് വിശ്വം പത്രസമ്മേളനം നടത്തി പറഞ്ഞത് സിപിഎമ്മിനെയും സർക്കാരിനെയും വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന സൂചനകൂടി നൽകിയതോടെ ഇടതുമുന്നണി വല്ലാത്ത പ്രതിസന്ധിയിലായി. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ബിനോയുടെ നിലപാടിനൊപ്പം ഉറച്ചുനിന്നു.
ഒരുതരത്തിലും പാർട്ടി പിന്നോട്ടു പോകരുതെന്നു സംസ്ഥാന കൗണ്സിലും നിർദേശിച്ചതോടെ തുടർന്നെല്ലാം സിപിഐയുടെ വഴിക്കു വന്നു. ബേബിയും ഗോവിന്ദനും പിണറായിയും ബിനോയ് വിശ്വവുമായി നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ ഫലിച്ചില്ല. പദ്ധതിയിൽനിന്നു പിന്മാറിയല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും സിപിഐയില്ലെന്നു വ്യക്തമാക്കിയ ബിനോയ്, ഇടതുനയം നടപ്പിലാക്കാനുള്ള ഏജൻസി തന്നെയാണ് ഇടതുസർക്കാരെന്നു സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഓർമിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിൽ പല വിഷയങ്ങളിലും സിപിഎമ്മിന്റെ ഇംഗിതത്തിനനുസരിച്ചു സിപിഐക്കു മുന്നോട്ടു പോകേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം സിപിഐ നേതൃത്വം ശക്തമായി പ്രതികരിക്കാറുണ്ട്. എന്നാൽ സർക്കാരിന്റെ നിലനിൽപ്പു ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളിൽനിന്നെല്ലാം പിൻവലിയുന്ന നിലപാടാണു സിപിഐ നേതൃത്വം സ്വീകരിച്ചുപോന്നത്.
പാർട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ മാവോയിസ്റ്റ് വേട്ടയ്ക്കെതിരേ സർക്കാരിനെതിരേ ശക്തമായ നിലപാടു സ്വീകരിച്ചു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ പിന്തുണയും ഈ വിഷയത്തിൽ കാനത്തിനുണ്ടായിരുന്നു. സർക്കാർ തിരുത്തി. പിന്നീടു കാനത്തിന്റെ മരണശേഷം ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി. ഭൂഗർഭജലം ചൂഷണം ചെയ്തു പാലക്കാട് ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ബിനോയ് വിശ്വം പരസ്യമായി രംഗത്തുവന്നു. എന്നാൽ സർക്കാർ പിന്നോട്ടു പോയില്ല.
തൃശൂർ പൂരം കലക്കിയെന്ന ആരോപണം കേട്ട എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. സ്ത്രീവിഷയത്തിൽ ആരോപണവിധേയനായ സിപിഎം എംഎൽഎ മുകേഷിനെ രാജിവയ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും കേട്ടില്ലെന്നു മാത്രമല്ല ബിനോയ് വിശ്വം രാജി ആവശ്യപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
പാർട്ടി സെക്രട്ടറി സിപിഎമ്മിനു വഴങ്ങി നിൽക്കുന്നുവെന്ന വലിയ ആക്ഷേപം സിപിഐ സമ്മേളനങ്ങളിൽ ഉണ്ടായി. ബിനോയ് വെളിയം ഭാർഗവനെയും സി.കെ. ചന്ദ്രപ്പനെയും കണ്ടുപഠിക്കണമെന്നുവരെ സമ്മേളനങ്ങളിൽ പ്രതിനിധികൾ പറഞ്ഞു. തനിക്കു താനാകാനേ കഴിയൂ എന്നു മറുപടി പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറിക്കു വീണുകിട്ടിയ ആയുധം പോലെയാണു പിഎം ശ്രീ പദ്ധതി വന്നു ഭവിച്ചത്. കിട്ടിയ അവസരം ഭംഗിയായി ബിനോയ് വിശ്വം ഉപയോഗിക്കുകയും ചെയ്തു.
പാർട്ടി മന്ത്രിമാരും നേതാക്കളും ശക്തമായ പിന്തുണ നൽകിയതോടെ ബിനോയ് വിശ്വം പിഎം ശ്രീയിൽ ആളിക്കത്തി. ഇടതുനയത്തിൽനിന്നും അണുവിട വ്യതിചലിക്കില്ലെന്ന സിപിഐ സെക്രട്ടറിയുടെ തീരുമാനത്തിനു മുന്നിൽ സിപിഎമ്മിനു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും തോൽവി സമ്മതിക്കേണ്ടി വന്നു. ഒടുവിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം വന്പൻ ക്ഷേമ പ്രഖ്യാപനങ്ങൾ നടത്തിയാണു നിലവിലെ പ്രതികൂല സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തിയത്.
Tags : pinarayi vijayan Binoy viswam