ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ നാലാം വാരവും കരുത്ത് നിലനിർത്തി പ്രാദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. ഇതോടെ ഇനിയും വിൽപ്പനക്കാരായി മാറിനിന്നാൽ കൈ പൊള്ളുമെന്ന തിരിച്ചറിവ് വിദേശ ഫണ്ടുകളെ വാങ്ങലുകാരാക്കിയത് ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കും നേട്ടം പകർന്നു. അതേസമയം റിക്കാർഡ് തകർക്കാനുള്ള സാവകാശം നിഫ്റ്റിക്കു നൽക്കാതെ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനു തിടുക്കം കാണിച്ചു.
ദീപാവലിയും മുഹൂർത്ത വ്യാപാരവും മൂലം വ്യാപാരം മൂന്ന് ദിവസത്തിലേക്ക് ചുരുങ്ങിയത് ഇടപാടുകളുടെ വ്യാപ്തി കുറച്ചു. മുന്നിലുള്ള ദിവസങ്ങളിൽ താഴ്ന്ന റേഞ്ചിൽ പരീക്ഷണങ്ങൾ നടത്തി വിപണി കൂടുതൽ ഊർജം സംഭരിക്കാൻ നീക്കം നടത്താം. നിഫ്റ്റി 85 പോയിന്റും സെൻസെക്സ് 259 പോയിന്റും മികവിലാണ്. ഒരു മാസക്കാലയളവിൽ നിഫ്റ്റി 738 പോയിന്റും സെൻസെക്സ് 2496 പോയിന്റുമാണ് ഉയർന്നത്.
റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ അമേരിക്ക നടത്തുന്ന പ്രസ്താവനകൾ നിക്ഷേപകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും പ്രതികൂല വാർത്തകളെ മറികടന്ന് മുൻനിര ഇൻഡെക്സുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ഇതിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട അമേരിക്ക നട്ടം തിരിയുന്നു. അടച്ചുപൂട്ടൽ മൂലം സെപ്റ്റംബറിലെ ഉപഭോക്തൃ വിലസൂചിക റിപ്പോർട്ട് തയാറാകാൻ പോലും കാലതാമസം നേരിട്ടു.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തലിൽ സെപ്റ്റംബറിലെ വാർഷിക പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയർന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില നിത്യേന കയറുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണു വ്യക്തമാക്കുന്നത്. സ്ഥിതിഗതി സങ്കീർണമാകുന്നതിനാൽ ഫെഡ് റിസർവ് പലിശനിരക്കുകളിൽ വീണ്ടും ഭേദഗതികൾക്ക് നിർബന്ധിതമാവും. ഡിസംബറിനു മുന്നേ രണ്ട് തവണയെങ്കിലും പലിശ നിരക്കിൽ അവർ മാറ്റം വരുത്താം.
നിഫ്റ്റി സൂചിക 25,709 പോയിന്റിൽനിന്നും മികവ് കാണിച്ച് ഒരുവേള മുൻവാരം സൂചിപ്പിച്ച 25,972ലെ ആദ്യ പ്രതിരോധം തകർത്തെങ്കിലും റിക്കാർഡായ 26,277ലേക്ക് അടുക്കാനായില്ല. സൂചിക ഉയർന്നതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്തിറങ്ങിയതിനാൽ വാരാന്ത്യം നിഫ്റ്റി സൂചിക 25,795 പോയിന്റിലാണ്. ഈ വാരം 26,026 ആദ്യ പ്രതിരോധം മറികടന്നാൽ 26,258 പോയിന്റിൽ വീണ്ടും പ്രതിരോധം തല ഉയർത്തും. വിപണിയുടെ താങ്ങ് 25,640 - 25,486 പോയിന്റിലാണ്.
ഇൻഡിക്കേറ്റുകൾ പലതും ഓവർ ബോട്ടായതിനാൽ വീണ്ടും ലാഭമെടുപ്പിനു സാധ്യത, അതേസമയം എംഎസിഡി ട്രെൻഡ് ലൈനിനു മുകളിൽ നീങ്ങുന്നത് ബുള്ളിഷ് മനോഭാവത്തിന് ശക്തിപകരുന്നു. സൂപ്പർ ട്രെൻഡും പാരാബോളിക്കും നിക്ഷേപകർക്കു മുന്നിൽ പച്ചക്കൊടി ഉയർത്തിയത് ഫണ്ടുകളെ ആകർഷിക്കാം. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 11.59ൽ നിലകൊള്ളുന്നത് ചാഞ്ചാട്ടസാധ്യത കുറയ്ക്കുമെന്നതും നിക്ഷേപകരെ മാടിവിളിക്കാം. നവംബറിൽ സൂചിക റിക്കാർഡ് തകർത്ത് 26,365 പോയിന്റിലേക്കും തുടർന്ന് 26,644ലേക്കും സഞ്ചരിക്കാം. ഇതിനിടയിൽ അമേരിക്ക പലിശ നിരക്കിൽ മാറ്റം വരുത്തിയാൽ രാജ്യാന്തര ഫണ്ടുകൾ ഇന്ത്യയിൽ പിടിമുറുക്കാം.
നിഫ്റ്റി ഫ്യൂച്ചറിൽ നാളെ ഒക്ടോബർ സീരീസ് സെറ്റിൽമെന്റാണ്. ഇടപാടുകാർ നവംബറിലേക്ക് ചുവടുമാറ്റിയതോടെ കരാറുകളുടെ എണ്ണം ഇരട്ടിച്ചു. 23.5 ലക്ഷമായിരുന്നു ഓപ്പൺ ഇൻട്രസ്റ്റ് 56.3 ലക്ഷം കരാറുകളായി. 25,952ൽ നിലകൊള്ളുന്ന നവംബർ 25,580ലെ സപ്പോർട്ട് നിലനിർത്താനായാൽ 26,300‐26,450 നെ ലക്ഷ്യമാക്കാം.
സെൻസെക്സ് ദീപാവലി വേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 83,952 പോയിന്റിൽനിന്നും വാരമധ്യം 85,290 വരെ മുന്നേറി. ഇതിനിടയിലെ ലാഭമെടുപ്പിൽ സൂചിക തളർന്നെങ്കിലും വ്യാപാരാന്ത്യം 84,211 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 85,025 - 85,839 പോയിന്റിൽ പ്രതിരോധം നേരിടാം, വിൽപ്പന സമ്മർദമുണ്ടായാൽ സെൻസെക്സിന് 83,661 – 83,111 പോയിന്റിൽ താങ്ങുണ്ട്.
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ട വാരം 6552.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി, ഒരു ദിവസം അവർ 607.01 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഒക്ടോബറിലെ മൊത്തം നിക്ഷേപം 34,595.96 കോടി രൂപയായി ഉയർന്നു. തൊട്ട് മുൻമാസം ആഭ്യന്തര ഫണ്ടുകൾ നിക്ഷേപിച്ചത് 65,338.59 കോടി രൂപയാണ്. വിദേശഫണ്ടുകൾ 1165.9 കോടി രൂപയുടെ ഓഹരി വിൽപ്പനയും 1508.68 കോടി രൂപയുടെ വാങ്ങലും കഴിഞ്ഞവാരം നടത്തി. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 87.95ൽനിന്നും ഓഗസ്റ്റിനു ശേഷം ആദ്യമായി 87.63ലേക്ക് ശക്തി പ്രാപിച്ചെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 87.79ലാണ്.
ആഗോള ക്രൂഡ് ഓയിൽ വില അഞ്ച് മാസങ്ങളിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിൽ, ക്രൂഡ് ഓയിൽ ബാരലിന് 65 ഡോളറിലെത്തി. 67ലെ പ്രതിരോധം കടന്നാൽ എണ്ണവിപണി കൂടുതൽ ചൂടുപിടിച്ച് 71 ഡോളറിലേക്ക് സഞ്ചരിക്കാം. തളർച്ച നേരിട്ടാൽ 60 ഡോളർ വരെ നീങ്ങാം.
ആഗോള സ്വർണവിപണി ഒൻപത് ആഴ്ചകൾ നീണ്ട ബുൾ റാലിക്ക് ശേഷം തിരുത്തലിലേക്ക് മുഖം തിരിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4250 ഡോളറിൽനിന്നുള്ള തിരിച്ചുവരവിൽ 4375 ഡോളറിനു മുകളിൽ ഇടം പിടിക്കാനാവാതെ വന്നതോടെ അതിശക്തമായ വിൽപ്പന സമ്മർദത്തിലേക്ക് മഞ്ഞലോഹം വഴുതി. ഒരവസരത്തിൽ 4004 ഡോളറിലേക്ക് സാങ്കേതിക പരീക്ഷണം നടത്തിയ സ്വർണം വ്യാപാരാന്ത്യം 4111 ഡോളറിലാണ്.
Tags : stock market