പാറ്റ്ന: ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും. മണ്ണിനടിയിൽ ബിഹാറിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന തരത്തിൽ സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
ബിഹാറിലെ ജമുയി ജില്ലയിൽ ജിയോളജിക്കൽ വിഭാഗം കണ്ടെത്തിയത് 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഉണ്ടെന്നാണ്. ഇതോടെ കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്ന് ബിഹാർ ഇന്ത്യയിലെ സ്വർണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കും.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കണ്ടെത്തൽ പ്രകാരം, ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിനു തുല്യമായ സ്വർണശേഖരമാണ് ബിഹാറിലുള്ളതെന്ന് കരുതുന്നു. ഇത് തീർച്ചയായും ബിഹാറിനെ വലിയ സാമ്പത്തികശക്തിയായി മാറ്റും. ഖനന പ്രവർത്തനങ്ങൾ വിജയകരമായാൽ, ബിഹാറിന് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ചാലകശക്തിയായി മാറാൻ കഴിയും.
പ്രശസ്തമായ കോലാർ, ഹുട്ടി സ്വർണഖനികളുള്ള കർണാടക ഇതോടെ ബിഹാറിനു പിന്നിലാവും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് വൈകാതെ ഖനനം ആരംഭിക്കുമെന്നാണ് ബിഹാർ അഡീഷണൽ ചീഫ് സെക്രട്ടറിയും മൈൻസ് കമ്മീഷണറുമായ ഹർജോത് കൗർ ബമ്ര പറയുന്നത്.
Tags : gold mine