ഒസാക്കയിൽ ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഏഷ്യൻ റബർ മാർക്കറ്റുകൾക്കു പുതുജീവൻ പകർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്രക്ഷാമം വിട്ടുമാറാൻ പുതുവർഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിൽ മില്ലുകാർ. തുലാവർഷ പെയ്ത്തിൽ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ കുരുമുളക് മണികൾ വ്യാപകമായി അടർന്നുവീണു.
റബർ മാർക്കറ്റുകൾക്കു പുതുജീവൻ
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ അണിയറനീക്കം നടത്തി. വിനിമയവിപണിയിൽ യെൻ ശക്തിപ്രാപിക്കുന്നതിൽ പരിഭ്രാന്തരായവർ ലോംഗ് അവധികളിൽ വാങ്ങലുകൾക്കും നീക്കം നടത്തി. ഇതിനിടയിൽ കിലോ 302 യെന്നിൽനിന്നും റബർ 312 വരെ കയറിയെങ്കിലും 314ലെ പ്രതിരോധം തകർക്കാനായില്ല. ഒരു മാസകാലയളവിലെ വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വീണ്ടും ദുർബലാവസ്ഥയ്ക്ക് തന്നെയാണ് മുൻതൂക്കം.
തായ്ലൻഡിൽ വീണ്ടും മഴ കനത്തത് റബർ വെട്ട് തടസപ്പെടുത്തിയതോടെ കയറ്റുമതിക്കാർ ഷീറ്റ് വില വീണ്ടും ഉയർത്തി. ബാങ്കോക്കിൽ റബർ കിലോ 176 രൂപയിൽനിന്നും 179 രൂപയായി. റബറിന്റെ വിലക്കയറ്റത്തെ ടയർ മേഖല സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടങ്കിലും കരുതലോടെയാണ് അവർ ചുവടുവയ്ക്കുന്നത്. ക്രിസ്മസ് വരെയുള്ള കാലയളവിൽ റബർ ഉത്പാദനം ഉയരുമെന്നത് മുൻനിർത്തി താഴ്ന്ന വിലയ്ക്ക് പുതിയ കരാറുകൾ ഉപ്പിക്കാനാവുമെന്നാണ് വ്യവസായികളുടെ കണക്കുകൂട്ടൽ.
സംസ്ഥാനത്ത് കാലവർഷത്തെ ഓർമപ്പെടുത്തിക്കൊണ്ട് തുലാവർഷം കലിതുള്ളിയത് കർഷകരെ തോട്ടങ്ങളിൽനിന്നും പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരാക്കി. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും കത്തിയുമായി ഇറങ്ങാൻ പലർക്കുമായില്ല. ഇതോടെ മധ്യവർത്തികൾ കരുതൽ ശേഖരം വിപണിയിൽ ഇറക്കുന്നതു നിയന്ത്രിച്ചത് ടയർ കമ്പനികളെയും ചെറുകിട വ്യവസായികളെയും നിരക്കുയർത്താൻ പ്രേരിപ്പിച്ചു. വാരാന്ത്യം നാലാം ഗ്രേഡ് ഷീറ്റ് വില 18,800 രൂപയായി ഉയർന്നു. ചെറുകിട വ്യവസായികൾ 18,500 രൂപയ്ക്ക് അഞ്ചാം ഗ്രേഡ് വാങ്ങി. ഇതിനിടയിൽ ഒട്ടുപാൽ വില 12,600 രൂപയായി കയറിയെങ്കിലും ലാറ്റക്സിന് 12,000 ൽ സ്റ്റെഡിയാണ്.
വിലകയറാതെ വെളിച്ചെണ്ണ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൊപ്രക്ഷാമം വെളിച്ചെണ്ണ ഉത്പാദകരിൽ ആശങ്ക ഉളവാക്കുന്നു. പ്രതിസന്ധി മറികടക്കാൻ തമിഴ്നാട്ടിലെ വൻകിട മില്ലുകാർ വില ഉയർത്തി നാളികേരം ശേഖരിക്കാൻ രംഗത്തിറങ്ങി. നേരത്തെ ഒരു ബഹുരാഷ്ട്ര കന്പനി വിപണിവിലയിലും കൂടിയ നിരക്കിൽ ചരക്ക് സംഭരിച്ചത് വിപണിയുടെ അടിയൊഴുക്കിൽ മാറ്റം വരുത്തി. അതേസമയം ദീപാവലി വേളയിലും വെളിച്ചെണ്ണയ്ക്ക് വിപണിയിൽ ക്ലച്ച് പിടിക്കാനായില്ല.
കൊച്ചിയിൽ എണ്ണവില ക്വിന്റലിന് 35,900 രൂപയിൽ നീങ്ങുമ്പോൾ തമിഴ്നാട് 30,000 രൂപയ്ക്ക് വരെ എണ്ണ വാഗ്ദാനം ചെയ്തു. തമിഴ്നാടിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പിനു നീക്കം തുടങ്ങിയ വേളയിൽ ന്യൂനമർദ ഫലമായി മഴ കനത്തതോടെ കർഷകർ തോട്ടങ്ങളിൽനിന്നും പിൻവലിഞ്ഞു. കൊപ്ര ക്ഷാമം വിട്ടുമാറാൻ പുതു വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയാണ്.
തുലാവർഷം കനത്തതോടെ ഹൈറേഞ്ചിലെ കുരുമുളക് കൊടികളിൽ വ്യാപകമായ തോതിൽ മുളകുമണികൾ അടർന്നുവീണു. ഒട്ടുമിക്ക തോട്ടങ്ങളിലും വള്ളികളിൽ മണികൾ മൂത്ത് തുടങ്ങുന്നതേയുള്ളു, ഇതിനിടയിൽ കനത്ത മഴ വില്ലനായതു കണക്കിലെടുത്താൽ അടുത്ത സീസണിൽ പ്രതീക്ഷിച്ചതിലും കുറവ് കുരുമുളക് മാത്രം വിളയാനാണു സാധ്യത.
കർഷകർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ കണക്കെടുപ്പിന് കൃഷിവകുപ്പ് ഇനിയും നീക്കങ്ങൾ തുടങ്ങിയിട്ടില്ല. ദീപാവലി ആഘോഷങ്ങൾക്ക് ശേഷവും കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് തുടരുന്നു. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്ത് സജീവമായത് ഉത്പന്നവില ഉയർത്തി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,300 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര മാർക്കറ്റ് വില ടണ്ണിന് 8200 ഡോളർ.
വിദേശ ഇടപാടുകാർക്കൊപ്പം ഉത്തരേന്ത്യൻ വ്യാപാരികളും ഏലക്കലേലത്തിൽ സജീവമായിരുന്നു. ഉത്പാദകമേഖലയിൽനിന്നും വില്പനയ്ക്ക് വന്ന ചരക്കിൽ വലിയ പങ്കും അവർ മത്സരിച്ച് വാരിക്കൂട്ടി. ക്രിസ്മസ് ഡിമാൻഡ് മുന്നിൽ കണ്ടുള്ള ചരക്കുസംഭരണം പുരോഗമിക്കുന്നു. ശരാശരി ഇനങ്ങൾക്ക് കിലോ 2467 രൂപയിലാണ്.
ആഭരണകേന്ദ്രങ്ങളിൽ സ്വർണം റിക്കാർഡ് പ്രകടനങ്ങൾക്ക് ശേഷം വിശ്രമത്തിലാണ്. പവൻ 97,360 രൂപയിൽനിന്നും ഇതിനകം 91,200 രൂപ വരെ ഇടിഞ്ഞ ശേഷം ശനിയാഴ്ച 92,120 രൂപയിലാണ്.
Tags : rubber