ന്യൂഡൽഹി: രാജ്യത്തെ വായു മലിനീകരണം മനുഷ്യശരീരത്തിനും തലച്ചോറിനും നേരേയുള്ള ആക്രമണമാണെന്നു കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.
വർധിച്ചുവരുന്ന ഈ പ്രതിസന്ധി രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും ഭാവിയിലെ തൊഴിൽശക്തിയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ അദ്ദേഹം പ്രകടിപ്പിച്ചു. ഡൽഹിയടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക അപകടകരമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിലാണു ജയ്റാം രമേശിന്റെ പ്രതികരണം.
വായു മലിനീകരണം ക്രമാതീതമായി വർധിച്ചതുകാരണം 2023ൽ മാത്രം 20 ലക്ഷത്തോളം ആളുകൾ ഇതുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളാൽ മരിച്ചതായും സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയറിന്റെ 2025ലെ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. 2000ത്തിൽനിന്ന് 25 വർഷം പിന്നിടുന്പോൾ മരണത്തിൽ 43 ശതമാനം വർധനവ് ഉണ്ടായതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ 90 ശതമാനം മരണങ്ങളും ഹൃദ്രോഗം, ശ്വാസകോശ അർബുദം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾ മൂലമാണെന്ന് ജയ്റാം രമേശ് ആരോപിച്ചു.
രാജ്യത്ത് ഒരു ലക്ഷം പേരിൽ 186 പേർ വായുമലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾമൂലമാണു മരിക്കുന്നത്. ഇതു വികസിതരാജ്യങ്ങളെ അപേക്ഷിച്ച പത്തിരട്ടിയിൽ അധികമാണ്. ശ്വാസകോശ സംബന്ധ രോഗങ്ങളാൽ മരിക്കുന്നവരിൽ 70 ശതമാനവും ഹൃദ്രോഗ മരണങ്ങളിൽ 25 ശതമാനവും പ്രമേഹ മരണങ്ങളിൽ 20 ശതമാനവും ശ്വാസകോശ അർബുദ മരണങ്ങളിൽ 33 ശതമാനവും വായു മലിനീകരണം നിമിത്തമാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് ജയ്റാം രമേശ് പറഞ്ഞു.
വായുവിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ കണിക പദാർത്ഥം (പിഎം 2.5) അളവിൽ കൂടുതൽ ശ്വസിക്കുന്നത് മറവി രോഗത്തിനു കാരണമാകുമെന്ന് പഠനങ്ങളുണ്ട്. 2023ൽ ആഗോളതലത്തിലുണ്ടായ 626000 മറവിരോഗ മരണങ്ങൾ വായു മലിനീകരവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തെ നിലവിലെ പിഎം 2.5ന്റെ സൂചിക ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിരിക്കുന്നതിലും എട്ടു മടങ്ങ് കൂടുതലാണെന്നും ജയ്റാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Tags : Air pollution