പുതുതലമുറ ഡ്രൈവർമാരെ മനസിൽ കണ്ടുകൊണ്ട് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവികളിൽ ഒന്നായ ബൊലേറോയും ബൊലേറോ നിയോയും പുതുക്കിയ പതിപ്പുകൾ വിപണിയിലെത്തിച്ചു.
25 വർഷം മുന്പ് നിരത്തിലെത്തിയ ബൊലേറോയെ ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽ ബോൾഡും പ്രീമിയവുമാക്കിയാണ് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇരുമോഡലുകളിലും മെക്കാനിക്കലി മാറ്റങ്ങളൊന്നുമില്ലെങ്കിലും വാഹനത്തിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് മഹീന്ദ്ര.
ബൊലേറോയ്ക്ക് 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയ്ക്ക് 8.49 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂം വില.
ബൊലേറോ
ബൊലേറോ അതിന്റെ അടിസ്ഥാന രൂപഘടന അങ്ങനെതന്നെ നിലനിർത്തി ക്രോം ഇൻസേർട്ടുകളുള്ള പുതിയ 5 സ്ലോറ്റ് ഗ്രിൽ, ഫോഗ് ലാന്പുകൾ, ടോപ്പ് എൻഡ് വേരിയന്റിൽ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ നൽകി പുറംകഴ്ചയിൽ വാഹനം ആകർഷകമാക്കിയിട്ടുണ്ട്. ഡയമണ്ട് വൈറ്റ്, ഡിഎസ്എടി സിൽവർ, റോക്കി ബീജ് എന്നീ നിറങ്ങൾക്ക് പുറമെ വാഹനത്തിന് കൂടുതൽ സ്റ്റൈലിഷ് ലുക്ക് കിട്ടാൻ സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ നിറവും ചേർത്തിട്ടുണ്ട്.
അകത്തളം മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ മനോഹരമാക്കാൻ മഹീന്ദ്ര ശ്രമിച്ചിട്ടുണ്ട്. ലെതറെറ്റ് അപ്ഹോൾസ്റ്ററിയും എയർ ഫ്ളോയ്ക്കായി സീറ്റുകളിൽ മെഷ് ഡിസൈനുമുള്ള പരിഷ്കരിച്ച കാബിനാണ് നൽകിയിട്ടുള്ളത്. സ്റ്റിയറിംഗ് മൗണ്ടഡ് കണ്ട്രോളുകൾക്കൊപ്പം ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും വാഹനത്തിൽ ലഭിക്കും. ഡോർ ട്രിമ്മുകളിൽ ബോട്ടിൽ ഹോൾഡറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ പതിപ്പിലെ അതേ എൻജിൻ തന്നെയാണ് പുതിയ ബൊലേറോയ്ക്ക് നൽകിയിരിക്കുന്നത്. 75 ബിഎച്ച്പി പവറും 210 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എംഹോക് 75 ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഗിയർബോക്സ് 5 സ്പീഡ് മാനുവൽ യൂണിറ്റാണ്. ഓട്ടോമാറ്റിക് ഗിയർബോക്സ് ഓഫർ ചെയ്യുന്നില്ല.
ബൊലേറോ നിയോ
ബൊലേറോ നിയോയുടെ അടിസ്ഥാന രൂപഘടന ഏറെക്കുറെ പഴയ മോഡലിന് സമാനമാണ്. പുതിയ ക്രോം-ആക്സന്റ് ഗ്രിൽ, പുതുതായി രൂപകൽപന ചെയ്ത 16 ഇഞ്ച് ഡാർക്ക് മെറ്റാലിക് അലോയ് വീലുകൾ എന്നിവയാണ് പ്രധാന മാറ്റം. ബോഡി കളർ സ്പെയർ വീൽ കവറും അപ്ഡേറ്റ് ചെയ്ത ടെയിൽഗേറ്റുമാണ് പിൻവശത്തെ മാറ്റങ്ങൾ. കൂടാതെ ജീൻസ് ബ്ലൂ എന്ന നിറത്തിൽ പുതിയ നിയോ ലഭിക്കും.
അകത്തളം ബൊലേറോയ്ക്ക് സമാനമാണ് ബൊലേറോ നിയോയിലും. ഡ്യുവൽ ടോണ് ഡാഷ്ബോർഡ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങി മെഷ് പാറ്റേണുകളുള്ള പുതുക്കിയ കാബിനാണ് നിയോയുടെ അകത്തെ മനോഹാരിത. ഉൾവശത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നതിന് ടോപ്പ് എൻഡ് വേരിയന്റിന് ലൂണാർ ഗ്രേ കളർ തീമും താഴ്ന്ന വേരിയന്റുകൾക്ക് മോക്ക ബ്രൗണ് തീമുമാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് കാമറ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്.
ബൊലേറോ നിയോയിലും മുൻ പതിപ്പിലെ അതേ എൻജിൻ തന്നെയാണ് നൽകിയിരിക്കുന്നത്. 100 ബിഎച്ച്പി പവറും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ എംഹോക് ടർബോ ഡീസൽ എൻജിനാണ് കരുത്ത്. ഗിയർ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്.
Tags : Bolero bolero neo