ന്യൂഡൽഹി: ഭീമൻ തീരുവകളുടെയും ആഗോള അസ്ഥിരതയുടെയും ഇടയിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം.
2025-26ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. ചൈനയുടെ 4.8 ശതമാനം വളർച്ചയേക്കാൾ കൂടുതലാണിതെന്ന് ഐഎംഎഫിന്റെ ലോക സാമ്പത്തിക ഔട്ട്ലുക്ക് (ഡബ്ല്യുഇഒ) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീരുവകളുടെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും കുറവായതിനാൽ ഈവർഷം ആഗോള വളർച്ച 3.2% ആയിരിക്കുമെന്നും അടുത്ത വർഷം 3.1% ആയി കുറയുമെന്നുമാണ് ഐഎംഎഫിന്റെ പ്രവചനം. ശക്തമായ സ്വകാര്യ ഉപഭോഗം, വികസിച്ചുകൊണ്ടിരിക്കുന്ന ഉത്പാദന, സേവന പ്രവർത്തനങ്ങൾ, ആരോഗ്യകരമായ പൊതു, സ്വകാര്യ നിക്ഷേപം എന്നീ ഘടകങ്ങൾ കൊണ്ടാണ് ഇന്ത്യക്ക് ജിഡിപി വളർച്ച 6.6 ശതമാനത്തിലേക്ക് ഉയർത്താൻ കഴിയുകയെന്ന് ഐഎംഎഫ് അഭിപ്രായപ്പെടുന്നു.
നിരവധി സമ്പദ്വ്യവസ്ഥകൾ മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തികവളർച്ച താരതമ്യേന സ്ഥിരതയുള്ളതാണെന്ന് റിപ്പോർട്ട് പറയുന്നു. എങ്കിലും തുടക്കത്തിലുള്ള വേഗത പിന്നീട് നിലനിർത്താൻ കഴിയാത്തതിനാൽ 2026-27ൽ സാമ്പത്തിക വളർച്ച 6.2 ശതമാനമായി കുറയുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.
2025-26ൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന ഐഎംഎഫിന്റെ അനുമാനം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ഉയർന്ന വിദേശ മൂലധന ഒഴുക്ക് ആകർഷിക്കാനും പ്രേരിപ്പിക്കുന്നതാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.5% വളർച്ചയായിരുന്നു കൈവരിച്ചിരുന്നത്. തീരുവ അനിശ്ചിതത്വത്തിനിടയിലും 2025-26 ലെ ജിഡിപി വളർച്ചാപ്രവചനം 6.3- 6.8% ആയി സർക്കാർ നിലനിർത്തിയിരുന്നു.
Tags : Indian economy IMF predicts