കോട്ടയം: മികച്ച ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കൃഷിയെന്നും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കർഷകരെ റീബ്രാൻഡ് ചെയ്യണമെന്നും ദീപികയും കർഷകൻ മാസികയും ചേർന്നൊരുക്കിയ ഗ്രീൻ ടോക്ക് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പലപ്പോഴും മാറ്റത്തിനും പരീക്ഷണത്തിനും തയാറാകാതെ വരുന്പോഴാണ് കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നത്. ഏതു കൃഷിയാണ് തെരഞ്ഞെടുക്കുന്നത് എന്നതു പ്രധാനമാണ്. പരന്പരാഗത കർഷകനിൽനിന്നു കർഷക സംരംഭകൻ എന്ന നിലയിലേക്കു മാറുന്നതാണ് ലാഭത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്.
വിപണിസാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി, നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ചാണ് പുതുതലമുറയുടെ കൃഷി. കൃഷി ഒരു ഉദ്യോഗമായി കണ്ട് അധ്വാനിച്ചാൽ മാത്രമേ വിജയം ലഭിക്കൂ. പാർട്ട് ടൈം കൃഷി ലാഭകരമാകണമെന്നില്ല. വൈദഗ്ധ്യമുള്ള കർഷകത്തൊഴിലാളികൾക്കു നാട്ടിൽ മികച്ച വേതനമുണ്ടെന്നു ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇനി ഹൈടെക് കൃഷിയുടെ കാലം
പരന്പരാഗത കൃഷിക്കൊപ്പം ഹൈടെക് കൃഷിയും പ്രോത്സാഹിപ്പിക്കണം. അയൽ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിജയിച്ച കൃഷി മാതൃകകൾ സംസ്ഥാനത്തു നടപ്പിലാക്കണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേക പദ്ധതി രൂപീകരിക്കണം. ഏതു സീസണിലും കാർഷികോത്പന്നങ്ങൾക്കു മിനിമം വില ലഭിക്കാൻ കൂടുതൽ സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കണം.
വിള ഇൻഷ്വറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം. കാർഷിക സർവകലാശാലകളിൽനിന്ന് അഗ്രിക്കൾച്ചർ കോഴ്സുകൾ പൂർത്തിയാക്കിയവർ കൂടുതലായി പ്രാക്ടിക്കൽ കൃഷിയിലേക്ക് ഇറങ്ങുന്നതിനുള്ള വഴി തുറക്കണം. കർഷക ഉത്പാദക സംഘങ്ങൾ (എഫ്പിഒ) കൂടുതൽ കാര്യക്ഷമാക്കണം. കർഷകരെ നോളജ് ബാങ്കുകളാക്കി പ്രതിഫലം നൽകി അവരുടെ അറിവുകൾ പങ്കുവയ്ക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. വിജയഗാഥകൾ പ്രചരിക്കുന്നതിനൊപ്പംതന്നെ കാർഷിക അറിവും പ്രചരിക്കപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കുമെന്നും ചർച്ച വിലയിരുത്തി.
കൃഷിയിൽ വിദ്യാഭ്യാസ- പരിശീലനം, സ്റ്റാർട്ടപ്പുകൾക്ക് മൂലധന സഹായം, ഉത്പന്നവിപണന സൗകര്യം എന്നിവ ശക്തിപ്പെടുത്തണം. കാർഷിക സാങ്കേതികവിദ്യ, വിപണിബന്ധം, നൂതന ഉത്പാദനരീതി, അഗ്രോ-എന്റർപ്രൈസുകൾ തുടങ്ങിയ മേഖലയിൽ യുവാക്കളുടെ മുന്നേറ്റം സാധ്യമാണെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി. കൃഷിയോടുള്ള ആകർഷണം വർധിപ്പിച്ച് കാർഷിക മേഖലയിൽ പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
അപു ജോണ് ജോസഫ് (കർഷക സംരംഭകൻ, കേരള കോണ്ഗ്രസ് ഉന്നതാധികാരസമിതി അംഗം), കെ.പി. പ്രശാന്ത് (കർഷകത്തൊഴിലാളി, സംസ്ഥാന സംസ്ഥാന സർക്കാർ ശ്രമശക്തി പുരസ്കാര ജേതാവ്), മനു മാത്യു (കർഷക സംരംഭകൻ) ജെഫിൻ കെ. അഗസ്റ്റിൻ (സമ്മിശ്ര കർഷകൻ), മാത്തുക്കുട്ടി ടോം (സമ്മിശ്ര കർഷകൻ), ടോം ഫിലിപ്പ് (ഫിലിപ്സ് നാച്ചുറൽ ബീ ഫാം, കുമളി), തോമസ് പി. മാണി (ദേശീയ ചെയർമാൻ യുഎഫ്പിഎ) എന്നിവർ ഗ്രീൻ ടോക്കിൽ പങ്കെടുത്തു.
Tags : Green Talk Discussion