കണ്ണൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റ കാലാവധി നീട്ടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് സിപിഎമ്മിൽ ചർച്ച സജീവമായി. ദേവസ്വം ബോർഡിന്റെ കാലാവധി ഒരു വർഷംകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. അതിനു പിന്നാലെ ശബരിമല സ്വർണക്കൊള്ള വിവാദം ഉയർന്നതോടെ, കാലാവധി ദീർഘിപ്പിച്ചാൽ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. മറ്റൊരു അംഗമായ പി.ഡി. സന്തോഷ്കുമാറിനെ തെരഞ്ഞെടുത്തിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ. അതിനാൽ അദ്ദേഹത്തിനു തുടരാനാകും. ശബരിമല തീർഥാടനം നവംബർ 16ന് ആരംഭിക്കുന്നതിനാൽ പുതിയ പ്രസിഡന്റിനെയും അംഗത്തെയും തീർഥാടനം തുടങ്ങുന്ന വേളയിൽ തെരഞ്ഞെടുക്കുന്നത് സുഗമമായ പ്രവർത്തനങ്ങൾക്കും ഭരണത്തിനും തടസമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ദേവസ്വം സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡ് ഉത്തരവാദികളാണെന്ന ഹൈക്കോടതി പരാമർശം കാലാവധി നീട്ടുന്നതിനു തടസമായിട്ടുണ്ട്. മാത്രമല്ല, ശബരിമല സ്വർണക്കൊള്ളയ്ക്കെതിരേ യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെ ബോർഡിന്റെ കാലാവധി ദീർഘിപ്പിക്കുന്നതു രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ആഗോള അയ്യപ്പസംഗമത്തോടെ തുടങ്ങിയ തിരിച്ചടിയിൽ കാലാവധി ദീർഘിപ്പിക്കൽകൂടി ഉൾപ്പെടാൻ ഇടയാക്കരുതെന്ന അഭിപ്രായവുമുണ്ട്.
ദേവസ്വം ബോർഡ് കാലാവധി മൂന്നിൽനിന്നു രണ്ടു വർഷമായി കുറച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പന്പയിൽ നടന്ന യോഗത്തിൽ തർക്കമുണ്ടാകുകയും ഇതു വാർത്തയാകുകയും ചെയ്തു. അതിന്റെ തുടർച്ചയായിരുന്നു ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമായി കുറയ്ക്കുന്നതിൽ എത്തിച്ചേർന്നത്. എൽഡിഎഫ് രണ്ടു വർഷമാക്കി വെട്ടിക്കുറച്ച ദേവസ്വം ബോർഡിന്റെ കാലാവധി വീണ്ടും കൂട്ടുന്നത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.
എ. സന്പത്തിന്റെ പേരിനു മുൻതൂക്കം
ഭരണപരിചയവും രാഷ്ട്രീയത്തിൽ മികവുമുള്ളയാളെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് സിപിഎമ്മിലുള്ളത്. മുൻ എംപി എ. സന്പത്തിന്റെ പേരിനാണു മുൻതൂക്കം. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായും കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായുമുള്ള ഭരണപരിചയവും എ. സന്പത്തിന് മുൻതൂക്കം നൽകുന്നു. നായർ സമുദായാംഗമാണ് നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സാമുദായിക ക്രമപ്രകാരം മറ്റൊരു സമുദായാംഗത്തെ പ്രസിഡന്റാക്കുകയാണു പതിവ്. അതിനാൽ ഈഴവ സമുദായാംഗമായ എ. സന്പത്തിന്റെ പേരിനു മുൻഗണന കൂടുന്നു.
എൽഡിഎഫിൽ നടക്കുന്ന ചർച്ചകളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനവും അന്തിമമാകും. ആഗോള അയ്യപ്പസംഗമത്തിന് എൻഎസ്എസ് നൽകിയ പിന്തുണയ്ക്കു പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായ പി.എസ്. പ്രശാന്തിന് ഒരു വർഷംകൂടി കാലാവധി നീട്ടി നൽകാനുള്ള ദേവസ്വം സെക്രട്ടറി എം. രാജമാണിക്യത്തിന്റെ കത്ത് മുഖ്യമന്ത്രിയുടെ മുന്നിലെത്തുന്നത് . അതിനാൽ എൻഎസ്എസിനെ പിണക്കാതെ അന്തിമ തീരുമാനമെടുക്കേണ്ടിവരുമെന്നതും മുന്നിലുണ്ട്
ദേവസ്വം ബോർഡ് ഭരണം കവനന്റ് പ്രകാരം
1950ലെ ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം ഉണ്ടാക്കിയ സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 1949 മേയിൽ തിരുവിതാംകൂർ നാട്ടുരാജാവ് ഇന്ത്യൻ യൂണിയനിൽ ലയിക്കാനായി ഉണ്ടാക്കിയ കരാറാണ് കവനന്റ്. ഈ നിയമപ്രകാരം ദേവസ്വം പ്രസിഡന്റ് മന്ത്രിസഭ തീരുമാനിക്കുന്നയാളും ഒരംഗം ഹിന്ദു എംഎൽഎമാർ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്നയാളും മറ്റൊരംഗം തിരുവിതാംകൂർ രാജകൊട്ടാരം നിർദേശിക്കുന്നയാളുമായിരുന്നു.
1968 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, നാട്ടുരാജാക്കന്മാർക്കുള്ള പ്രിവിപെഴ്സ് ആനുകൂല്യങ്ങൾ നിർത്തലാക്കിയതോടെ തിരുവിതാംകൂർ, കൊച്ചി ദേവസ്വങ്ങളിലേക്ക് തിരുവിതാംകൂർ, കൊച്ചി രാജകുടുംബാംഗങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നത് അവസാനിച്ചു. പകരം, ബോർഡിലെ രണ്ട് അംഗങ്ങളിൽ ഒരാളെ ഹിന്ദു മന്ത്രിമാരുടെ കൗൺസിൽ തീരുമാനിക്കും. രണ്ടാമത്തെ അംഗത്തെ ഹിന്ദു എംഎൽഎമാർ തെരഞ്ഞെടുക്കും.
2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ദേവസ്വം നിയമത്തിൽ അവസാനം ഭേദഗതി കൊണ്ടുവന്നത്. മൂന്നു വർഷ കാലാവധി രണ്ടുവർഷമായി കുറയ്ക്കുകയായിരുന്നു. എൽഡിഎഫ് ഭരണത്തിലെത്തിയശേഷം എ. പദ്മകുമാർ, എൻ. വാസു, കെ. അനന്തഗോപൻ എന്നിവർക്കു ശേഷമാണ് പി.എസ്. പ്രശാന്ത് ദേവസ്വം പ്രസിഡന്റായത്.
Tags : Discussions in CPM