മണ്ഡപം (കാസർഗോഡ്): ഇരുനൂറോളം ചേന കാട്ടുപന്നി നശിപ്പിച്ചതിന് നഷ്ടപരിഹാരമായി വനംവകുപ്പ് കർഷകനു നൽകിയത് വെറും 165 രൂപ. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മണ്ഡപം ഉദയപുരത്തെ ജീരകത്ത് വർഗീസിനാണ് ദുരനുഭവം. കഴിഞ്ഞമാസം 20നാണ് വർഗീസിന്റെ ചേനക്കൃഷി ഏതാണ്ട് പൂർണമായും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
ആദ്യം ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് അക്ഷയകേന്ദ്രം വഴിയും, പിന്നീട് പഞ്ചായത്തുതലത്തിൽ വനംവകുപ്പ് നടത്തിയ മനുഷ്യ-വന്യജീവി സംഘർഷലഘൂകരണ തീവ്രയജ്ഞപരിപാടിയിലും വർഗീസ് നിവേദനം നൽകി. തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധിച്ചപ്പോൾ 50 ചേനകൾ മാത്രമാണു നശിപ്പിക്കപ്പെട്ടതെന്നാണു റിപ്പോർട്ട് നൽകിയത്.
കിലോയ്ക്ക് 85 രൂപ എന്ന നിരക്കിൽ ചെറുപുഴയിൽനിന്നു രണ്ടു ക്വിന്റൽ ചേനവിത്ത് വാങ്ങിയാണു താൻ കൃഷി നടത്തിയതെന്നും വളപ്രയോഗം നടത്തിയതിനും വേലി കെട്ടിയതിനും വേറെയും പണം ചെലവഴിച്ചെന്നും 165 രൂപ നഷ്ടപരിഹാരം അനുവദിച്ചത് ഏതു മാനദണ്ഡപ്രകാരമാണെന്നു മനസിലാകുന്നില്ലെന്നും വർഗീസ് പറഞ്ഞു. 2.65 ഏക്കർ സ്ഥലം മാത്രമുള്ള വർഗീസിനു കൃഷിയാണ് ഏക ഉപജീവനമാർഗം.
വന്യമൃഗ ആക്രമണത്തിൽ നട്ടംതിരിയുന്ന കർഷകരെ പരിഹസിക്കുകയാണ് ഇത്തരം നടപടികളിലൂടെ വനംവകുപ്പ് ചെയ്യുന്നതെന്നു കർഷകർ ചൂണ്ടിക്കാട്ടി.
Tags : Wild boar destroys 200 trees