ക്വാലാലംപുർ: ഏഷ്യാ പര്യടനത്തിനു തുടക്കം കുറിച്ച് മലേഷ്യയിൽ വിമാനമിറങ്ങിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. ക്വാലാലംപുർ വിമാനത്താവളത്തിൽ ട്രംപിനൊരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം.
എയർഫോഴ്സ് വൺ വിമാനത്തിൽനിന്നിറങ്ങിയ ട്രംപ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനൊപ്പം മുന്നോട്ടു നീങ്ങവേ, സ്വീകരണപരിപാടിയുടെ ഭാഗമായി പരന്പരാഗത വേഷത്തിൽ നൃത്തം ചെയ്യുന്ന സംഘത്തെ കണ്ട് ചുവടുവയ്ക്കുകയായിരുന്നു. അൻവർ ഇബ്രാഹിമും നൃത്തത്തിൽ പങ്കുചേർന്നു.
ട്രംപിന്റെ നൃത്തരീതിയെയും താളബോധത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. 79 വയസുള്ള ട്രംപ് 23 മണിക്കൂർ വിമാനയാത്രയ്ക്കു ശേഷം പ്രകടിപ്പിച്ച ഊർജസ്വലതയും പ്രശംസാർഹമായി.
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ട്രംപ് മലേഷ്യയിലെത്തിയത്. ഉച്ചകോടിക്കിടെ ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബ്രസീലിന് 50 ശതമാനം ഇറക്കുമതിചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്.
ട്രംപ് ഇന്നു മുതലുള്ള മൂന്നു ദിവസം ജപ്പാൻ സന്ദർശിക്കും. വ്യാഴാഴ്ച ദക്ഷിണകൊറിയയിൽ ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്താനും ട്രംപ് താത്പര്യം അറിയിച്ചിട്ടുണ്ട്.
തായ്ലൻഡ്-കംബോഡിയ വെടിനിർത്തൽ ഒപ്പുവച്ചു
തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഔദ്യോഗിക വെടിനിർത്തൽ കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ ഒപ്പുവയ്ക്കപ്പെട്ടു. തായ് പ്രധാനമന്ത്രി അനുറ്റിൻ ചാൺവിരക്കുൾ, കംബോഡിയൻ പ്രധാനമന്ത്രി ഹൺ മാനറ്റ് എന്നിവർക്കൊപ്പം ട്രംപും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും കരാറിൽ ഒപ്പിട്ടു. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായത്.
കിഴക്കൻ ടിമൂർ ആസിയാനിൽ
തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പതിനൊന്നാമത്തെ അംഗമായി കിഴക്കൻ ടിമൂർ. ഇന്നലെ മലേഷ്യൻ തലസ്ഥാനത്ത് ആരംഭിച്ച ആസിയാൻ ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 14 ലക്ഷം പേർ മാത്രം വസിക്കുന്ന കിഴക്കൻ ടിമൂർ ഏഷ്യയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആസിയാൻ അംഗത്വം ലഭിക്കുന്നത്.
Tags : Trump kicks