മോസ്കോ: അണുശക്തിയിൽ പ്രവർത്തിക്കുന്ന ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി റഷ്യ. ഈ മാസം 21നു നടന്ന പരീക്ഷണത്തിൽ 15 മണിക്കൂർ ആകാശത്തു തുടർന്ന മിസൈൽ 14,000 കിലോമീറ്റർ താണ്ടി. ആണവ പോർമുനകളുമായി എത്ര ദൂരം വേണമെങ്കിലും പറക്കാൻ കഴിയുന്ന ഈ മിസൈലിനെ തടുക്കാൻ ലോകത്തിലെ ഒരു വ്യോമപ്രതിരോധ സംവിധാനത്തിനും കഴിയില്ലെന്ന് റഷ്യൻ വൃത്തങ്ങൾ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ റഷ്യൻ സൈനിക ജനറൽമാർ മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിഡന്റ് പുടിനെ ധരിപ്പിച്ചു. മിസൈൽ വിന്യസിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ പുടിൻ നിർദേശം നല്കി.
റഷ്യൻ പ്രതിരോധ ഗവേഷകർ 2018ൽ വികസിപ്പിക്കാൻ തുടങ്ങിയ ഈ മിസൈലിനു പറക്കാനുള്ള ഊർജം പകരുന്നത് ചെറിയ ആണവ റിയാക്ടർ എൻജിൻ ആണ്. പറക്കൽപാത ഏതു നേരവും മാറ്റാൻ ശേഷിയുണ്ട്. ഇപ്പോഴുള്ളതും ഭാവിയിൽ വികസിപ്പിക്കുന്നതുമായ ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിനും ഇതിനെ തടുക്കാനാവില്ലെന്നാണു റഷ്യ പറയുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയോടുള്ള അനുകൂല മനോഭാവം തിരുത്തുന്ന സമയത്താണു മിസൈൽ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.
Tags : Russia