തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7.89 ലക്ഷം വോട്ടർമാരുടെ വർധനയുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 2.84 കോടി വോട്ടർമാരാണുള്ളത്.
2020ൽ നടന്ന കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 2,76,56,910 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 2,84,46,762 കോടിയായി ഉയർന്നു.
മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും ഒഴിവാക്കിയ ശേഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയതോടെയാണു വർധന 7.89 ലക്ഷമായി കുറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറു ലക്ഷത്തോളം വോട്ടർമാരുടെ വർധന.
തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയാറാക്കിയത്.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമേ പ്രവാസി വോട്ടർപട്ടികയിൽ 2,798 പേരുണ്ട്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാർഡുകളിലെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്കു ലഭ്യമാണ്.
നേരത്തെ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,83,12,468 വോട്ടർമാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാൻസ്ജെൻഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്. ഇതിനു പുറമേ 2087 പ്രവാസി വോട്ടർമാരുമുണ്ടായിരുന്നു.
Tags : Local Elections