ചാത്തന്നൂർ: കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപവത്കരിക്കുന്നു. സ്ഥിരം ജീവനക്കാരെയും അവരുടെ മക്കളെയും ഉൾപ്പെടുത്തിയുള്ളതായിരിക്കും ടീം. കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് 28, 29 തീയതികളിൽ നടത്തും.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർക്കായി 28ന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും മറ്റ് ജില്ലകളിലുള്ളവർക്കായി 29 -ന് കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിലുമാണ് ട്രയൽസ് നടത്തുന്നത്.
കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര എന്നീ മേഖലകളിൽ20 അംഗങ്ങൾ വീതമുള്ള ഓരോ ടീമുകളെയാണു തയാറാക്കുന്നത്. ടീമിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നേരത്തേ ആരംഭിച്ചിരുന്നു. അവസാന ഘട്ടമാണ് സെലക്ഷൻ ട്രയൽസ്.
ക്രിക്കറ്റ് ഏറ്റവും ജനകീയമായ കായികവിനോദമായി മാറിയതിനാലാണ് ക്രിക്കറ്റ് ടീം രുപീകരിക്കുന്നത്. അടുത്ത കാലത്തായി കെഎസ്ആർടിസി ജീവനക്കാർ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. അമ്പതിലധികം യൂണിറ്റുകളിൽ നിന്നുള്ള ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. കെഎസ്ആർടിസിക്ക് മുമ്പ് ശക്തമായ ഫുട്ബോൾ ടീമും വോളിബോൾ ടീമും ഉണ്ടായിരുന്നു. ക്രമേണ അത് ഇല്ലാതാവുകയായിരുന്നു. ക്രിക്കറ്റ് ടീമിന്റെ കോ- ഓർഡിനേഷൻ ഓഫീസറായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായ സി.പി.പ്രസാദിനെയും സഹായിയായി ജൂണിയർ അസിസ്റ്റന്റ് മിഥുൻ മഹേശ്വറിനെയും നിയമിച്ചിരുന്നു.
Tags : cricket