ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു ഭർത്താവ്. ഭാര്യ സുഷമ ശർമ്മയെ (40) ആണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയിൽ ആത്മഹത്യ ചെയ്തതായി ഭർത്താവ് പോലീസിനെ അറിയിച്ചത്. ഇവരുടെ 11 വയസുള്ള മകൾ അതേ മുറിയിലെ കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവ് ദിനേശ് ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ദിനേശ് ശർമ്മ കുറ്റം സമ്മതിച്ചു.
തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്. തുടർന്ന് പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം പ്രതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. പോലീസ് വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.