സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ മുങ്ങിമരിച്ചു
Wednesday, April 30, 2025 2:39 AM IST
കല്ലടിക്കോട്: ചിറയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി - മാധവി ദമ്പതികളുടെ മകൾ രാധിക (ഒന്പത്), പ്രകാശൻ - അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (അഞ്ച്), പ്രതീഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഇന്നലെ വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ വരാഞ്ഞതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. അഞ്ചോടെ ഉന്നതിക്കു സമീപത്തുള്ള ചിറയ്ക്കുസമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ നടത്തിയ തെരച്ചിലിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ചെളിയിൽ ആണ്ടനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. പ്രകാശന്റെ സഹോദരീഭർത്താവ് കൃഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻതന്നെ രാധികയെ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും പ്രദീപിനെയും പ്രതീഷിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയും പ്രദീപ് ഒന്നാംക്ലാസ് വിദ്യാർഥിയുമാണ്.