ഭൂമി തരംമാറ്റ ഫയലിൽ വീഴ്ച വരുത്തി; ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷന്
Wednesday, April 30, 2025 12:51 AM IST
തിരുവനന്തപുരം: ഭൂമി തരംമാറ്റ ഫയലുകൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കണ്ണൂർ ഡെപ്യൂട്ടി കളക്ടർ (ആർആർ) സിറോഷ് പി. ജോണിനെ സസ്പെൻഡ് ചെയ്തു.
കണ്ണൂർ താലൂക്കിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്നില്ലെന്ന് വ്യാപക പരാതിയെ തുടർന്ന് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡെപ്യൂട്ടി കളക്ടർ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് ചേർന്ന സമീപനമല്ല സിറോഷ് പി. ജോണിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സർക്കാർ നിർദേശം പാലിക്കാത്ത നടപടി നിരുത്തരവാദപരവും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതുമാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. അമിത ജോലിഭാരമെന്ന ഡെപ്യൂട്ടി കളക്ടറുടെ വാദം തള്ളിയാണ് അച്ചടക്ക നടപടി.
കണ്ണൂർ താലൂക്കിൽ ഭൂമി തരംമാറ്റുവുമായി ബന്ധപ്പെട്ടു വ്യാപക കൈക്കൂലിയും അഴിമതിയും നടക്കുന്നതായി റവന്യു പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ പക്കൽ മാത്രം 548 ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.
ഫയലുകൾ ഉടൻ തീർപ്പാക്കാൻ ജില്ലാ കളക്ടർ നിർദേശം നല്കിയെങ്കിലും ഉത്തരവ് ധിക്കരിക്കുന്ന സമീപനമാണ് സിറോഷ് പി. ജോണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.