സാന്ദ്രാ തോമസിന്റെ പരാതി: കുറ്റപത്രം സമര്‍പ്പിച്ചു
Wednesday, April 30, 2025 2:39 AM IST
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ അധിക്ഷേപിച്ചെന്ന നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.
നിര്‍മാതാവ് ആന്റോ ജോസഫാണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടി ബി. രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന് വാളക്കുഴി എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണു കുറ്റപത്രം.
സിനിമാവിതരണവുമായി ബന്ധപ്പെട്ട് യോഗത്തിലേക്കു വിളിച്ചുവരുത്തി അസോസിയേഷന് ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നാണ് സാന്ദ്രാ തോമസ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അച്ചടക്കലംഘനത്തിന്റെ പേരില്‍ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്നു പുറത്താക്കി.
ഇതോടെ, തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. മതിയായ വിശദീകരണം നല്‍കാതെയാണു പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്രാ തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ ഗുരുതര ആരോപണവുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരം മാത്രമാണു സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കുന്നില്ലെന്നുമാണ് സാന്ദ്രാ തോമസ് ആരോപിച്ചത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കെട്ടിടത്തില്‍ സിസിടിവിയുണ്ട്. അവിടെ മുറികളുണ്ട്. എന്തിനാണ് അവിടെ മുറികള്‍, അവിടെ എന്തൊക്കെയാണു നടക്കുന്നതെന്ന് അന്വേഷിക്കണം.
അസോസിയേഷനിലെ പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടിരുന്നു.