ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റ്: നാളെ തുടക്കം
Wednesday, April 30, 2025 2:39 AM IST
കോട്ടയം: കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്റർ ടൂർണമെന്റിന് ഇന്നു തുടക്കമാകും. കോട്ടയം അക്കാദമിയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ്. 16 രാജ്യങ്ങളിൽ നിന്നായി 232 പേർ ടൂർണമെന്റിൽ പങ്കെടും.
ഒന്നാം സീഡ് മുൻ യൂറോപ്യൻ ചാന്പ്യനും അർമേനിയയുടെ ദേശീയ ചാന്പ്യനും ആയിരുന്ന ഗ്രാൻഡ് മാസ്റ്റർ കരൻ ഗ്രിഗോറിയൻ ആണ്.
രണ്ടാം സീഡ് മുൻ ലോക യൂത്ത് ചെസ് ചാന്പ്യനായിരുന്ന ഗ്രാൻഡ് മാസ്റ്റർ മാനുവൽ പെട്രോഷ്യൻ ആണ്. ജോർജിയൻ ഗ്രാൻഡ്മാർക്ക് പാൻസുലയാ ലവൻ, ഗ്രാൻഡ് മാസ്റ്റർ സാനി കിഡ്സ് ടോർണിക്കെ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ളവരിൽ പ്രമുഖ മുൻ ഏഷ്യൻ ജൂണിയർ ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ ദീപൻ ചക്രവർത്തി, മുൻ കോമണ്‍വെൽത്ത് ചെസ് ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ ആർ.ആർ. ലക്ഷ്മണ്, കോമണ്‍വെൽത്ത് ചെസ് ചാന്പ്യൻ ഗ്രാൻഡ്മാസ്റ്റർ കാർത്തികേയൻ പാണ്ഡ്യൻ തുടങ്ങിയവരാണ്.
അറുപത്തിയേഴുകാരനായ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ റാസറ്റ് സിയാറ്റിനോ ആണ് ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ താരം. ടൂർണമെന്റ് മേയ് ഏഴിന് സമാപിക്കും.
മത്സരങ്ങൾ ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് ചെസ് അസോസിയേഷൻ കേരള പ്രസിഡന്റും ടൂർണമെന്റ് സംഘാടകനുമായ രാജേഷ് നാട്ടകം അറിയിച്ചു.