ചാലക്കുടി വ്യാജ ലഹരിക്കേസ്; നാരായണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം സമ്മതിച്ചു
Wednesday, April 30, 2025 2:39 AM IST
കൊടുങ്ങല്ലൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസി(58)ന്റെ അറസ്റ്റ് രേഖപ്പെടുത്തി.
നടപടിക്രമങ്ങൾക്കുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ബംഗളൂരുവിലെ ഹോംഗ സാന്ദ്ര ബൊമ്മനഹള്ളി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നെന്ന വിവരത്തെത്തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നാലിനു കൊടുങ്ങില്ലൂരിലെത്തിച്ചു ചോദ്യംചെയ്തെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു.
2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ ചാലക്കുടി എക്സൈസ് പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേസിൽ 72 ദിവസം ജയിലിൽ കഴിഞ്ഞെങ്കിലും രാസപരിശോധനയിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നെന്നു വ്യക്തമായതോടെയാണ് നാരായണദാസിനെ പ്രതി ചേർത്തത്.
ഹൈക്കോടതിനിർദേശപ്രകാരം കേസന്വേഷണം എക്സൈസിൽനിന്ന് ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഏറ്റെടുത്തു. നാരായണദാസ്, കാലടി മറ്റൂർ വരയിലാൻവീട്ടിൽ ലിവിയ ജോസ് എന്നിവർ ചേർന്നാണ് ഷീലയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്നു കണ്ടെത്തി.
നാരായണദാസ് ബംഗളൂരുവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്ഐമാരായ ലാൽസണ്, സജി വർഗീസ്, സീനിയർ സിപിഒ മിഥുൻ ആർ. കൃഷ്ണ എന്നിവർ ചേർന്നാണ് ഒളിയിടത്തിൽനിന്നു പിടികൂടിയത്.
തൃശൂർ റേഞ്ച് ഡിഐജി എസ്. ഹരിശങ്കർ, കൊടുങ്ങല്ലൂർ ഡിവൈഎസ് പി വി.കെ. രാജു, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, കൊരട്ടി ഇൻസ്പെക്ടർ അമൃത് രംഗൻ, വലപ്പാട് എസ്ഐ എബിൻ, അഴീക്കോട് കോസ്റ്റൽ പോലീസ് എസ്ഐ സജി വർഗീസ്, ചാലക്കുടി എഎസ്ഐ ജിനി, കൊടുങ്ങല്ലൂർ കണ്ട്രോൾ റൂം സീനിയർ സിപിഒ മിഥുൻ ആർ. കൃഷ്ണ, എസ്ഐ ലാൽസണ്, കൊടുങ്ങല്ലൂർ എസ്ഐ ജലീൽ, റൂറൽ സ്പെഷൽ ബ്രാഞ്ച് എസ്ഐമാരായ പ്രദീപ്, സതീശൻ, സിപിഒ നിഷാന്ത്, എഎസ്ഐ ബിനു, എസ്സിപിഒ വിനോദ് കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ലിവിയ ജോസിനെ നാട്ടിലെത്തിക്കും
കൊടുങ്ങല്ലൂർ: വ്യാജലഹരിക്കേസിൽ പ്രതിചേർത്തതിനു പിന്നാലെ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെ നാട്ടിലെത്തിക്കാൻ പോലീസ്.
കേസിൽ ലിവിയ രണ്ടാംപ്രതിയാകും. നാരായണദാസും ലിവിയയും സുഹൃത്തുക്കളാണെന്നും ഷീലയുമായുള്ള സാന്പത്തികപ്രശ്നങ്ങളാണു ലഹരിക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. മകനൊപ്പം ഷീല ഇറ്റലിയിലേക്കു പോകാൻ ശ്രമിച്ചതും വിരോധത്തിന് ഇടയാക്കി.
ബംഗളൂരുവിൽനിന്നാണു വ്യാജ എൽഎസ്ഡി സ്റ്റാന്പ് എത്തിച്ചത്. അറസ്റ്റിനു തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാന്പ് വച്ചു. അന്നുതന്നെ നാരായണദാസ് ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനുമായി ചാലക്കുടിയിലെത്തി ഷീലയുടെ പോക്കുവരവുകൾ മനസിലാക്കിയിരുന്നു.
ഷീലയെ എക്സൈസ് പിടികൂടുന്പോഴും നാരായണദാസും ലിവിയയും ചാലക്കുടിയിലുണ്ടായിരുന്നു. മാർച്ച് ഏഴിനാണു പോലീസ് അന്വേഷണം ഏറ്റെടുക്കുന്നത്. തലേന്ന് ലിവിയ വിദേശത്തേക്കു കടന്നെന്നാണു സൂചന. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നാണു വിവരം.