കളിയും വ്യായാമവും വീഡിയോയിൽ ; കായികാധ്യാപകരില്ലാതെ സ്കൂളുകൾ
Wednesday, April 30, 2025 12:51 AM IST
ശ്രീജിത് കൃഷ്ണൻ
കാസർഗോഡ്: തപാൽ മാർഗം നീന്തൽ പഠിപ്പിക്കുകയെന്ന പഴയകാലത്തെ തമാശയെ ഡിജിറ്റൽ യുഗത്തിൽ മറ്റൊരു തരത്തിൽ പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
പ്രൈമറി തലം മുതലുള്ള എല്ലാ സ്കൂളുകളിലും കായികപരിശീലനത്തിനും സൂംബാ നൃത്തമുൾപ്പെടെയുള്ള വിനോദവ്യായാമങ്ങൾക്കും പ്രത്യേക പിരീയഡുകൾ മാറ്റിവച്ചതിനൊപ്പം ഇവയ്ക്കായി ഡിജിറ്റൽ വീഡിയോ കണ്ടന്റുകൾ പുറത്തിറക്കിക്കൊണ്ടാണ് പുതിയ മാതൃക.
ക്ലാസ്മുറികളിലോ പൊതുവായ ഹാളുകളിലോ വീഡിയോകൾ പ്രദർശിപ്പിച്ച് കുട്ടികൾക്ക് അതു നോക്കി സ്വന്തമായോ അധ്യാപകരുടെ സഹായത്തോടെയോ പരിശീലിക്കാൻ അവസരമൊരുക്കണമെന്നാണു നിർദേശം. ഇതോടെ കായിക പരിശീലനത്തിന് പ്രത്യേക അധ്യാപകരെ നിയമിക്കാനുള്ള ബാധ്യതയിൽനിന്നു സർക്കാർ ഒഴിവാകുകയാണ്.
ഹെൽത്ത് കിഡ്സ് എന്ന പേരിൽ തയാറാക്കിയ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ആകെ 24 മിനിറ്റ് ദൈർഘ്യമുള്ള 40 വീഡിയോകളുടെ സമാഹാരമായാണു പുറത്തിറക്കിയിരിക്കുന്നത്. ചങ്ങല പൊട്ടിക്കൽ, തൂവാലക്കളി, ഹൈഫൈ ക്ലാപ്പ്, ഉലകംചുറ്റൽ, കങ്കാരു ഓട്ടം, ചതുരംചാട്ടം, പൂച്ചക്കളി, വളയക്കളി എന്നിവയാണു പ്രൈമറി സ്കൂൾ കുട്ടികൾക്കായി ആദ്യഘട്ട വീഡിയോകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പക്ഷേ, ഇതെല്ലാം വീഡിയോയിൽ കണ്ട് അനുകരിക്കുമ്പോൾ കുട്ടികൾക്ക് അപകടമൊന്നും പറ്റാതെ നോക്കേണ്ടത് മറ്റ് അധ്യാപകരുടെ ചുമതലയാകും. ഇതിനുള്ള പരിശീലനം കൂടി ഇത്തവണ അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
സംസ്ഥാനത്ത് യുപി വിഭാഗം മുതലുള്ള സ്കൂളുകളിലാണ് നേരത്തേ കായികാധ്യാപകരെ നിയമിച്ചിരുന്നത്. യുപി സ്കൂളുകളിൽ 500 കുട്ടികളെങ്കിലുമുണ്ടെങ്കിൽ കായികാധ്യാപക തസ്തിക അനുവദിക്കാമെന്നായിരുന്നു നിയമം.
ഹൈസ്കൂളുകളിൽ എട്ട്, ഒന്പത് ക്ലാസുകളിൽ അഞ്ചുവീതം ഡിവിഷനുകൾ ഉണ്ടെങ്കിൽ കായികാധ്യാപക തസ്തിക അനുവദിക്കാം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇതുവരെ കായികാധ്യാപക തസ്തിക അനുവദിച്ചിട്ടില്ല.
ഏതാനും വർഷങ്ങളിലായി കുട്ടികളുടെ കുറവുമൂലം നിരവധി സ്കൂളുകളിൽ കായികാധ്യാപക തസ്തിക നഷ്ടമായി. പുതുതായി എവിടെയും തസ്തിക സൃഷ്ടിച്ചിട്ടുമില്ല. തസ്തികയുള്ള ഇടങ്ങളിൽതന്നെ സ്ഥിരനിയമനങ്ങൾ നടന്നിട്ട് കാലങ്ങളായി.
പലയിടങ്ങളിലും എസ്എസ്കെയുടെയും അതത് പിടിഎകളുടെയും മറ്റും കീഴിൽ താത്കാലിക നിയമനങ്ങളാണ് നടക്കുന്നത്. സ്ഥിര നിയമനങ്ങൾ നടക്കാത്തതുമൂലം സർവകലാശാലകളിൽ നിന്ന് കായികാധ്യാപക പരിശീലനം നേടിയെത്തുന്ന നിരവധി പേർക്കാണ് തൊഴിലവസരം നഷ്ടമാകുന്നത്.