ഷാജി എൻ. കരുണിന് അന്ത്യാഞ്ജലി
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: ലോകശ്രദ്ധ നേടിയ സിനമകളുടെ സംവിധായകൻ ഷാജി എൻ. കരുണ്‍ ഇനി ഓർമ. തിങ്കളാഴ്ച അന്തരിച്ച ഷാജി എൻ. കരുണിന് ഇന്നലെ തലസ്ഥാനം യാത്രാമൊഴി നൽകി.
വഴുതക്കാട്ടുള്ള വസതിയിലും കലാഭവൻ തിയറ്ററിലുമായി നിരവധി വ്യക്തികൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടന്നു.
ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ പത്തിനു കലാഭവൻ തിയറ്ററിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി വി. ശിവൻകുട്ടി റീത്ത് അർപ്പിച്ചു. മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, അടൂർ പ്രകാശ് എംപി, അടൂർ ഗോപാലകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. മദുസൂദനൻനായർ, സൂര്യ കൃഷ്ണമൂർത്തി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജോർജ് ഓണക്കൂർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.