മുനമ്പം ഭൂമി : അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള വിലക്ക് തുടരും
Wednesday, April 30, 2025 2:39 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമിക്കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള ഹൈക്കോടതിയുടെ താത്കാലിക വിലക്ക് തുടരും.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മേയ് ഒമ്പതുവരെ വിലക്ക് തുടരാനാണു ജസ്റ്റീസുമാരായ ജി. ഗിരീഷ്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന അവധിക്കാല ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
മുനമ്പം വിഷയത്തില്‍ മുമ്പ് പറവൂര്‍ സബ് കോടതിയില്‍ നല്കിയ ഹര്‍ജിയും ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയതിനെതിരേ വഖഫ് ബോര്‍ഡ് നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുന്നതിനു തടസമില്ലങ്കിലും അന്തിമ ഉത്തരവ് ഹൈക്കോടതി വിധിക്കു വിധേയമായിരിക്കുമെന്നായിരുന്നു ഇടക്കാല ഉത്തരവ്. ഫറൂഖ് കോളജ് മാനേജ്മെന്റടക്കമുള്ള എതിര്‍കക്ഷികളോടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഇതിനായാണു ഹർജി മാറ്റിയത്.