കളമശേരി പോളിയിലെ കഞ്ചാവ് കച്ചവടം: നാല് വിദ്യാർഥികളെ പുറത്താക്കി
Wednesday, April 30, 2025 2:39 AM IST
കളമശേരി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെ കോളജ് ഔദ്യോഗികമായി പുറത്താക്കി.
ആകാശ്, ആദിത്യൻ ,അഭിരാജ്,അനുരാജ് എന്നീ വിദ്യാർഥികളെയാണു ടിസി നൽകി പുറത്താക്കിയത്. ഇവരിൽ രണ്ടുപേർ ജയിലിലും രണ്ടുപേർ പുറത്തുമാണുള്ളത്.
കഴിഞ്ഞ മാർച്ചിൽ പരീക്ഷയെഴുതിയവരാണ് നാലുപേരും. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ടിസി നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പരീക്ഷാഫീസ് അടച്ച മുറയ്ക്കാണു പരീക്ഷ എഴുതിക്കേണ്ടിവരുന്നത്. കോടതി അനുമതിയോടെയാണു വിദ്യാർഥികൾ പരീക്ഷയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പുറത്താക്കിയ വിദ്യാർഥികൾക്കു സ്വഭാവ സർട്ടിഫിക്കറ്റ് അനുവദിക്കില്ല. അതിനാൽ തുടർപഠനത്തിനോ ജോലിസാധ്യതയ്ക്കോ തടസം നേരിടാം. വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോളജ് അധികൃതർ പറഞ്ഞു.