മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്
Wednesday, April 30, 2025 12:51 AM IST
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി, സർജറി യൂണിറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. കർഷകർക്ക് വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് ഇന്ന് പ്രവർത്തനമാരംഭിക്കുന്നത്.24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് സേവനം. പ്രത്യേക പരിശീലനം നേടിയ വെറ്ററിനറി ഡോക്ടർമാരും ഡ്രൈവർ കം അറ്റൻഡർമാരും മൊബൈൽ യൂണിറ്റുകളിലുണ്ടാവും.
മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തന സമയം വൈകുന്നേരം ആറു മുതൽ പുലർച്ചെ അഞ്ചുവരെയും മൊബൈൽ സർജറി യൂണിറ്റുകളുടേത് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയുമായാണ് ക്രമീകരിച്ചിട്ടുള്ളത്.
കന്നുകാലികൾക്ക് 450 രൂപ, അരുമമൃഗങ്ങൾക്ക് 950, ആടുകളുടെ പ്രസവ ചികിത്സയ്ക്ക് 1450, കന്നുകാലികളിലെ കൃത്രിമ ബീജദാനത്തിന് അധികം 50 രൂപ എന്ന നിരക്കിലാണ് സേവനം.
കണ്ണൂർ, എറണാകുളം ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന ടെലിവെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ഈ പദ്ധതിയുമായി ഏകോപിപ്പിക്കുന്നതോടെ എല്ലാ ജില്ലകളിലും മൊബൈൽ സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.