കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്: മറുമരുന്നുമായി ‘ഗ്രാന്‍ഡ് ക്രാഫ്റ്റ്’ ഗെയിം
Wednesday, April 30, 2025 12:51 AM IST
കൊച്ചി: കുട്ടികളിലെ മൊബൈല്‍ അഡിക്ഷന് കുറയ്ക്കുന്നതിനും മുതിര്‍ന്ന തലമുറയുമായി ആത്മബന്ധം വളര്‍ത്തുന്നതും ലക്ഷ്യമിട്ട് ‘ഗ്രാന്‍ഡ് ക്രാഫ്റ്റ്’ ഗെയിം ഒരുക്കി ഡോ. പ്രവീണ്‍ ജി. പൈ.
ഓരോ ഗെയിമും പൂര്‍ത്തിയാക്കാന്‍ 70 പിന്നിട്ടവരുടെ പിന്തുണ കുട്ടികള്‍ക്കു വേണമെന്നതാണ് ഗ്രാന്‍ഡ് ക്രാഫ്റ്റിനെ വ്യത്യസ്തമാക്കുന്നത്. കൊച്ചി സ്കൈലൈന്‍ ഇംപീരിയല്‍ ഗാര്‍ഡൻസില്‍ ഇന്നു പരീക്ഷണാടിസ്ഥാനത്തില്‍ ഗെയിം അവതരിപ്പിക്കും.
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ഏജ് ഫ്രണ്ട്ലി സിറ്റീസ് ആന്‍ഡ് കമ്മ്യൂണിറ്റിയുടെ (ഡബ്ല്യുഎച്ച്ഒജിഎന്എഎഫ്സിസി) ചട്ടക്കൂടിലാണ് ഗെയിം വിഭാവനം ചെയ്തിരിക്കുന്നത്. മുതിര്‍ന്നവരും കുട്ടികളുമായുള്ള ആത്മബന്ധം കുറഞ്ഞുവരികയാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ പഠനം.
ഈ അകലം കുറയ്ക്കുന്നതിനൊപ്പം പ്രായമായവരെ ഗെയിമില്‍ പങ്കാളികളാക്കി അവരുടെ സന്തോഷം ഉയര്‍ത്തുകയെന്നതും ഗെയിം നിര്‍മിക്കാന്‍ പ്രേരണയായെന്ന് ഡോ. പ്രവീണ്‍ പറഞ്ഞു. കുട്ടികളിലെ മൊബൈല്‍ അഡിക്ഷന് പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയില്ല. മുതിര്‍ന്നവരുമായി ബന്ധമുണ്ടാക്കി മൊബൈല്‍ ഉപയോഗം കുറയ്ക്കാനേ കഴിയൂവെന്നാണു വിലയിരുത്തല്‍.
പത്തനംതിട്ട റാന്നി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ മിഥുന് തോമസും ഗെയിം നിര്‍മാണത്തില്‍ പങ്കാളിയാണ്. നിലവില്‍ വെബ്സൈറ്റിലൂടെയാണ് ഗെയിം കളിക്കേണ്ടത്. വൈകാതെ ആപ് പുറത്തിറക്കും. 12 വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ഗെയിം കളിക്കാം.
നിലവില്‍ കൊച്ചിയിലെ ഏതാനും ഫ്ലാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകളാണ് കുട്ടികളെ ഗെയിമിന്റെ ഭാഗമാക്കാനും ടാസ്ക്കുകള് ഒരുക്കാനും മുന്നില്‍ നില്‍ക്കുന്നത്. ഈ മാതൃകയില്‍ കേരളമെമ്പാടും ഗെയിമുകള്‍ ഒരുക്കും. തുടര്‍ന്ന് ജില്ലാതലത്തിലേക്ക് ടാസ്ക് ഉയര്‍ത്തും.ഓരോ ടാസ്കും ചിത്രീകരിച്ച് അപ്ലോഡ് ചെയ്താല്‍ മാത്രമേ ടാസ്ക് പൂര്‍ത്തിയാകൂ.
ഷൂട്ട് ഔട്ട്, ഇന്റര്‍വ്യൂ, കഥ പറയല്‍ എന്നിങ്ങനെ നീളുന്നതാണ് ടാസ്കുകള്. ഓരോ ടാസ്കും പൂര്‍ത്തീകരിക്കാന്‍ കുട്ടികള്‍ക്ക് മുതിര്‍ന്നവരെ ആവശ്യമാണ്. 90 ശതമാനവും മൊബൈല്‍ ഫോണിന് പുറത്തുള്ള ഗെയിം ആണ് ‘ഗ്രാന്‍ഡ് ക്രാഫ്റ്റ്’ എന്ന് ഡോ. പ്രവീണ്‍ പറഞ്ഞു.