ഭിന്നശേഷി ജീവനക്കാരുടെ സെക്രട്ടേറിയറ്റ് സമരം ഇന്നു മുതൽ
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സർക്കാർ സർവീസിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത മുഴുവൻ ഭിന്നശേഷി ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടന (ടിബിഎസ്കെ)യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ഇന്നു തുടങ്ങും.
ഇന്നു രാവിലെ 10.30നു സിപിഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ സമരം ഉദ്ഘാടനം ചെയ്യും. 2004 മുതൽ 2024 വരെ ജോലി ചെയ്ത ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരപ്പെടുത്തണമെന്നാണ് ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്ത് എത്തുന്നതെന്ന് പ്രസിഡന്റ് എം.കെ. ബാബുരാജ്, ജനറൽ സെക്രട്ടറി ടി. ബിനു, എസ്. സന്തോഷ്കുമാർ എന്നിവർ പറഞ്ഞു.