1.175 കോടിയുടെ ഹവാല പണവുമായി കാറിലെത്തിയ യുവാവ് പിടിയിൽ
Wednesday, April 30, 2025 2:39 AM IST
ബേക്കല്‍: കാറില്‍ രഹസ്യഅറയുണ്ടാക്കി കടത്തുകയായിരുന്ന 1,17,50,000 രൂപയുടെ ഹവാല പണവുമായി യുവാവ് അറസ്റ്റില്‍. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി എം.എസ്. അബ്ദുള്‍ ഖാദറിനെയാണ് (46) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ആറോടെ ഉദുമ തൃക്കണ്ണാട് നടത്തിയ വാഹനപരിശോധനയിലാണു പണം പിടികൂടിയത്. കാറിന്റെ സീറ്റുകള്‍ക്ക് അടിയിലായി പ്രത്യേക അറകളുണ്ടാക്കിയാണ് 500 രൂപയുടെ 23,500 നോട്ടുകള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ബിസിനസ് ആവശ്യത്തിനായി കൊണ്ടുപോകുന്ന പണമാണിതെന്നാണ് ഖാദര്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല.
ഗള്‍ഫിലായിരുന്ന ഖാദര്‍ അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് നാട്ടില്‍ യാതൊരു ബിസിനസുമില്ലെന്നു പോലീസ് പറഞ്ഞു. ഇയാള്‍ കീശയിൽനിന്ന് 40 പേരുടെ ലിസ്റ്റ് പോലീസ് കണ്ടെടുത്തു. വിദേശമലയാളികളുടെ കുടുംബങ്ങള്‍ക്ക് ഹവാല പണം എത്തിച്ചുനല്‍കുകയാണ് ഇയാളുടെ ജോലിയെന്നും പോലീസ് പറഞ്ഞു.
ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, ബേക്കല്‍ എസ്എച്ച്ഒ ഡോ.ഒ. അപര്‍ണ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍, പ്രൊബേഷന്‍ എസ്ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, മനു കൃഷ്ണന്, എസ്ഐ എം.
ബാലചന്ദ്രന്, സിപിഒമാരായ വിജേഷ്, തീര്ഥന്, സജേഷ് എന്നിവര്‍ പങ്കെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പിടികൂടിയ പണമുള്‍പ്പെടെ ഇയാളെ കോടതിയില്‍ ഹാജരാക്കി.